നോർക്ക കെയർ പദ്ധതിയിൽ ചേരുന്നവർക്കായി സംഘടനാ ആസ്ഥാനങ്ങളിൽ ഹെൽപ് ഡെസ്ക്

അബുദാബി: നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബി ഗവൺമെന്റ് അംഗീകൃത സംഘടനകളുടെ ആസ്ഥാനങ്ങളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കേരള സോഷ്യൽ സെന്ററിൽ പ്രത്യേക കൗണ്ടർ തുറന്നു പ്രവർത്തനമാരംഭിച്ചു. നോർക്ക കാർഡ് എടുക്കുന്നതിനും നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുമായി നല്ല പ്രതികരണമാണ് മലയാളി സമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹെൽപ് ഡിസ്കിന്റെ ചുമതലയുള്ള ഖമറുദ്ദീൻ അഞ്ചങ്ങാടി പറഞ്ഞു.
മുസഫ കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി മലയാളി സമാജത്തിൽ ഹെൽപ് ഡസ്കിന്റെ പ്രവർത്തനം സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ അറിയിച്ചു. ലൈബ്രറിയൻ എ പി അനിൽകുമാറിനും സമാജം വനിതാ വിഭാഗത്തിനുമായിരിക്കും ഹെൽപ് ഡസ്കിന്റെ ചുമതല.
പ്രവാസികൾക്ക് നോർക്ക കാർഡ് എടുക്കാനും തുടർന്ന് ഇൻഷുറസിൽ ചേരാനുമുള്ള അപേക്ഷകൾ തയാറാക്കി നൽകുന്ന ഹെൽപ് ഡസ്കിന്റെ പ്രവർത്തനം നോർക്കയിൽനിന്ന് യൂസർ ഐഡിയും പാസ് വേർഡും ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ അറിയിച്ചു. കൂടുതൽ പേർ എത്തുന്ന വാരാന്ത്യങ്ങളിലായിരിക്കും ഹെൽപ് ഡസ്ക് പ്രവർത്തിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നോർക്ക കെയർ ഹെൽപ് ഡസ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ തയാറെടുപ്പിലാണെന്ന് ജനറൽ സെക്രട്ടറി ടി ഹിദായത്തുള്ള അറിയിച്ചു.









0 comments