ad
Deshabhimani

കുവൈത്തിൽ പുതിയ ട്രാഫിക് നിയമങ്ങൾ ഇന്ന് മുതൽ

RULE TRAFFIC
വെബ് ഡെസ്ക്

Published on Apr 22, 2025, 11:54 AM | 2 min read

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കൽ, അപകടങ്ങളുടെ എണ്ണം കുറക്കൽ, നഗര വികസനം തുടങ്ങിയ ലക്ഷ്യങ്ങളോടെ കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ വൻ മാറ്റങ്ങൾ ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. മനുഷ്യജീവിതവും പൊതുജനസ്വത്തും സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച ഈ നടപടികൾ, ഗതാഗത നിയന്ത്രണത്തെ വലിയ മാറ്റത്തിലേക്ക് നയിക്കും.


2008-ലെ ട്രാഫിക് നിയമം നമ്പർ 6-നെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ നിയമങ്ങൾ വാഹന പരിപാലനം, ഡ്രൈവർമാരുടെ പെരുമാറ്റം, റോഡ് ഉപയോഗം എന്നിവ കൂടുതൽ നിയന്ത്രണവിധേയമാക്കുന്നു. അമിതവേഗത, മദ്യപിച്ച് ഡ്രൈവിംഗ് , മൊബൈൽ ഫോണിന്റെ ഉപയോഗം, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കുക, ചുവപ്പ് സിഗ്നൽ മറികടക്കൽ, ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിംഗ് തുടങ്ങിയവയ്‌ക്കെതിരെ കർശന ശിക്ഷകൾ ഈടാക്കും. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് സീബ്രാ ക്രോസിങ്ങുകളിൽ വാഹനം നിർത്തേണ്ടതും നിർബന്ധമാക്കും.


അംഗപരിമിതർക്കായി നീക്കിവച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യൽ, ബഗ്ഗികൾ, മോട്ടർ ബൈക്കുകൾ എന്നിവ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിക്കുക, അനധികൃതമായി (പെർമിറ്റ് ഇല്ലാതെ) പണം വാങ്ങി യാത്രക്കാരെ കയറ്റുന്ന ടാക്സികൾ ഓടിക്കൽ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുക, കുട്ടികളെ വാഹനത്തിന്റെ പിൻവശത്ത് സഹായത്തിന് ആളില്ലാതെ ഇരുത്തി യാത്ര ചെയ്യുക, വാഹനത്തിന്റെ ഗ്ലാസിൽ അനുവദനീയമായതിലും കൂടുതൽ നിറമുള്ള സ്റ്റിക്കർ പതിപ്പിക്കുക, ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുക തുടങ്ങിയവക്ക് കർശന പിഴയും നിയമനടപടികളും നേരിടേണ്ടിവരും. ഗുരുതരമായ നിയമലംഘനങ്ങൾ കോടതികളിലേക്ക് കൈമാറും. 1,000 ദിനാർ വരെ പിഴയോ തടവോ അല്ലെങ്കിൽ ഇരട്ട ശിക്ഷയോ ലഭിക്കാവുന്നതാണ്. നിയമലംഘകർക്ക് ഇലക്ട്രോണിക് ട്രാഫിക് സിസ്റ്റം മുഖേന പിഴ നോട്ടീസുകൾ അയയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യും. അപകടങ്ങൾ സംഭവിച്ചാൽ അതത് പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതും, ഗുരുതരമായ പരിക്കുകളോ വൻ സ്വത്തുനാശമോ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര സേവനങ്ങളെ വിളിച്ചറിയിക്കേണ്ടതുമാണ്.


പുതിയ ചട്ടപ്രകാരം ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാർ പിഴ ഈടാക്കും. സീറ്റ്ബെൽറ്റ് ധരിക്കാതിരിന്നാൽ 30 ദിനാർ പിഴയും അമിതവേഗതയ്ക്ക് 70 മുതൽ 150 ദിനാർ വരെ പിഴയും ഈടാക്കും. ഗതാഗതത്തിന് മനഃപൂർവം തടസ്സമുണ്ടാക്കിയാൽ 20 ദിനാർ പിഴ ചുമത്തും. കേസ് കോടതിയിലെത്തിയാൽ 45 മുതൽ 75 ദിനാർ വരെ പിഴ ഒടുക്കേണ്ടി വരും. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ 15 ദിനാറാണ് പിഴ. നിലവിലെ സംവിധാനത്തിലെ ഏറ്റവും കുറഞ്ഞ പിഴയാണിത്.ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയോ വിഡിയോയോ എടുത്ത് പ്രചരിപ്പിക്കുന്നവർക്ക് 1000 മുതൽ 2000 ദിനാർ വരെ കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാപദ്ധതിയാണ് നടപ്പിലാക്കുക. മദ്യപിച്ച് ഡ്രൈവിംഗിന് 1,000 മുതൽ 3,000 ദിനാർ വരെ പിഴയും 1 മുതൽ 2 വർഷം വരെ തടവു ശിക്ഷയും ബാധകമായിരിക്കും. സ്വത്തുനാശം ഉണ്ടാക്കിയ മദ്യപിച്ച് ഡ്രൈവിംഗിന് 2,000 മുതൽ 3,000 ദിനാർ വരെ പിഴയും 3 വർഷം വരെ തടവും ശിക്ഷയായിരിക്കും. അപകടത്തിൽ പരിക്കോ മരണവും സംഭവിച്ചാൽ 2,000 മുതൽ 5,000 ദിനാർ വരെ പിഴയും 5 വർഷം വരെ തടവുമാണ് ശിക്ഷ.


ചെറിയ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷയ്ക്ക് പകരം കമ്മ്യൂണിറ്റി സേവനം, ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കൽ, നഷ്ടപരിഹാര ധനസഹായം എന്നിവ നിർബന്ധമാക്കുന്ന സംവിധാനങ്ങളും നിലവിൽ വരും. ഗുരുതരമായ നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഉടമയുടെ വസതിയിൽ നിന്ന് ഇലക്ട്രോണിക് ട്രാക്കിംഗിലൂടെ പിടിച്ചെടുക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.


പുതിയ നിയമങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് വ്യാപക ബോധവൽക്കരണ ക്യാംപെയ്‌നുകൾ നടത്തി. ടിവി, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിലൂടെ ജനങ്ങളെ വിവരങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇ-ട്രാഫിക് പോർട്ടൽ വഴി പിഴ അടയ്ക്കൽ, ലൈസൻസ് പുതുക്കൽ, വാഹന പരിശോധന തീയതികൾ പരിശോധിക്കൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.


പുതിയ നിയമപരിഷ്കാരങ്ങളിലൂടെ കുവൈത്ത് ഗതാഗത ശീലങ്ങളിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നു. എല്ലാ ഡ്രൈവർമാരും പൗരന്മാരും പ്രവാസികളും പുതിയ ചട്ടങ്ങൾക്കനുസരിച്ച് പരിപൂർണമായ അനുസരണയോടെ മുന്നോട്ട് പോവണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home