സ്വകാര്യമേഖലയിൽ ശമ്പളവിതരണത്തിന് പുതിയ സംവിധാനം

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ‘കുവൈത്ത് വേജ് പ്രൊട്ടക്ഷൻ ആൻഡ് പേയ്‌മെന്റ് സിസ്റ്റം’ (കെഡബ്ല്യുപിഎസ്) വഴി പ്രാദേശിക ബാങ്കുകളിലൂടെയുള്ള ശമ്പള കൈമാറ്റം ഏകീകൃത വേദിയിൽ നടത്തും. ശമ്പളവിതരണം നിരീക്ഷിക്കാനും കാലതാമസവും ചട്ടലംഘനങ്ങളും നേരത്തേ കണ്ടെത്താനും സംവിധാനം അധികൃതരെ സഹായിക്കും.
ഇടപാടുകളുടെ വേഗവും സുതാര്യതയും വർധിപ്പിക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ധനകാര്യ വിവരങ്ങൾ കൈമാറാനുള്ള അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് സംവിധാനം വികസിപ്പിച്ചത്. കുവൈത്തിന്റെ ദേശീയ പണമിടപാട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ സംവിധാനമാണിത്. ജനുവരിയിൽ കുവൈത്ത് ഓട്ടോമേറ്റഡ് ക്ലിയറിങ് സിസ്റ്റവും ഫെബ്രുവരിയിൽ കുവൈത്ത് ഡിസ്‌പ്യൂട്ട് മാനേജ്‌മെന്റ് സിസ്റ്റവും ആരംഭിച്ചിരുന്നു.









0 comments