പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് കുവൈത്തിലെ ഇന്ത്യക്കാർക്കായി പുതിയ നിർദേശം

കുവൈത്ത് സിറ്റി: പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത് സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യക്കാർക്കായി പുതിയ നിർദേശം പുറത്തിറക്കി ഇന്ത്യൻ എംബസി. കുവൈത്തിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും പുതിയ ഗ്ലോബൽ പാസ്‌പോർട്ട് സേവ പ്രോഗ്രാം പോർട്ടലിലൂടെ പാസ്‌പോർട്ടിന് അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
പുതിയ സംവിധാനം കഴിഞ്ഞ വെള്ളിയാഴ്‌ച പ്രാബല്യത്തിൽ വന്നു. പാസ്‌പോർട്ട് സേവനം കൂടുതൽ സുതാര്യവും സമയബന്ധിതവുമായ രീതിയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
പഴയ ഓൺലൈൻ അപേക്ഷാ സംവിധാനം പൂർണമായും നിർത്തലാക്കിയതായി എംബസി വ്യക്തമാക്കി. പഴയ പോർട്ടലിലൂടെയോ പഴയ രീതിയിലോ സമർപ്പിക്കുന്ന അപേക്ഷകൾ ഇനി ഫഹാഹീൽ, ജലീബ് അൽ ഷുയൂഖ്, ജഹ്‌റ എന്നീ പ്രദേശങ്ങളിലുള്ള ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴി സ്വീകരിക്കില്ല. എല്ലാ അപേക്ഷകളും പുതിയ പോർട്ടലിലൂടെയാണ് സ്വീകരിക്കുക. പുതിയ സംവിധാനത്തിൽ അപേക്ഷകർ പാസ്‌പോർട്ട് അപേക്ഷ പൂർണമായും ഓൺലൈനായി പൂരിപ്പിക്കണം. ഫോട്ടോ അന്താരാഷ്ട്ര വ്യോമയാന സംഘടന (ഐസിഎഒ) നിശ്ചയിച്ച നിലവാരം പാലിച്ചിരിക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ, ഒപ്പ്, ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം. മുന്പ് പഴയ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചവർക്കും പുതിയ സംവിധാനത്തിൽ പുതുക്കിയ ഫോം വീണ്ടും സമർപ്പിക്കണം
പാസ്‌പോർട്ട് അപേക്ഷാപ്രക്രിയയെ പൂർണമായും ഡിജിറ്റൽ രീതിയിലേക്കാണ് മാറ്റുന്നതാണ് പുതിയ സംവിധാനം. അപേക്ഷകർക്ക് ഇനി വീട്ടിലിരുന്നുതന്നെ അപേക്ഷിക്കാനും ആവശ്യമായ രേഖ അപ്‌ലോഡ് ചെയ്യാനും പുരോഗതി ഓൺലൈൻ ട്രാക്കിങ്ങിലൂടെ നേരിട്ട് പരിശോധിക്കാനും കഴിയും. അപേക്ഷാപ്രക്രിയയിലെ താമസം കുറയ്ക്കുകയും സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കുകയുമാണ് സംവിധാനത്തിന്റെ ലക്ഷ്യം.










0 comments