Deshabhimani

ഐബിപിസി കുവൈത്തിന് പുതിയ നേതൃത്വം

ibpc
വെബ് ഡെസ്ക്

Published on Oct 09, 2026, 08:51 AM | 1 min read

കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) കുവൈത്തിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഒക്ടോബർ ആറിന് സാൽമിയയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണ് പുതിയ നേതൃത്വം അധികാരമേറ്റത്.

കൗൺസിലിന്റെ നടപടിക്രമപ്രകാരം മുൻ വൈസ് ചെയർമാൻ ഗൗരവ് ഒബ്‌റോയ് ചെയർമാനായും മുൻ ജോയിന്റ് സെക്രട്ടറി സുനിത് അറോറ സെക്രട്ടറിയായും ചുമതലയേറ്റു. മറ്റു സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുരേഷ് കെ.പി. വൈസ് ചെയർമാനായും കൃഷൻ സൂര്യകാന്ത് ജോയിന്റ് സെക്രട്ടറിയായും രാമദോസ് കാർത്തിക് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

അംഗങ്ങൾക്ക് കൂടുതൽ വ്യാപാര അവസരങ്ങൾ ഒരുക്കാനും ഇന്ത്യ–കുവൈത്ത് സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും മുൻഗണന നൽകുമെന്ന് ഗൗരവ് ഒബ്‌റോയ് പറഞ്ഞു. ഇന്ത്യൻ എംബസി, ഇന്ത്യൻ വ്യവസായ സംഘടനകൾ, കുവൈത്തിലെ സ്ഥാപനങ്ങൾ എന്നിവയുമായുള്ള സഹകരണം വിപുലീകരിക്കും. അംഗങ്ങൾ അർപ്പിച്ച വിശ്വാസം കൂടുതൽ ഉത്തരവാദിത്തം നൽകുന്നതായും കൗൺസിലിന്റെ ലക്ഷ്യങ്ങൾക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സുരേഷ് കെ.പി. പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ചെയർമാൻ ഡോ. കൈസർ ടി. ഷാക്കിർ അംഗങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. മുൻ ചെയർമാൻമാരായ ധീരജ് ഒബ്‌റോയ്, ടോണി ജഷൻമൽ, എസ്.കെ. വാധ്വാൻ, ശിവി ഭാസിൻ എന്നിവർ സംസാരിച്ചു. കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ യുവ സംരംഭകരുടെയും പ്രൊഫഷണലുകളുടെയും പങ്കാളിത്തം വർധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സ്ഥാനമൊഴിഞ്ഞ സെക്രട്ടറി സുരേഷ് കെ.പി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ കൃഷൻ സൂര്യകാന്ത് ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു. കണക്കുകൾ പൊതുയോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. പരിപാടി നിയന്ത്രിച്ച സുനിത് അറോറ നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home