സൗദിയിൽ അന്വേഷണത്തിന് പുതിയ മാർഗരേഖ; അംഗീകരിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ

റിയാദ് : അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും കൂടുതൽ കാര്യക്ഷമവും നിയമാനുസൃതവുമാക്കാനുള്ള പുതിയ മാർഗരേഖയ്ക്ക് സൗദി പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ അംഗീകാരം നൽകി. അന്വേഷണ നടപടിക്രമങ്ങളുടെയും പ്രോസിക്യൂഷൻ പ്രവർത്തനങ്ങളുടെയും ഏകീകൃത മാർഗനിർദേശമായി ഉപയോഗിക്കാവുന്ന "കോഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ പ്രൊസീജിയേഴ്സ്' എന്ന രേഖയ്ക്കാണ് അംഗീകാരം നൽകിയത്. അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ചെയർമാനുമായ ഖാലിദ് അൽ യൂസഫിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന കൗൺസിലിന്റെ ഏഴാമത് യോഗത്തിലാണ് തീരുമാനം.
അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും നിയമപരമായ നടപടിക്രമങ്ങളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക, വ്യക്തികളുടെ നിയമപരമായ അവകാശങ്ങളും പരിരക്ഷകളും സംരക്ഷിക്കുക, അന്വേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ മാർഗരേഖയുടെ ലക്ഷ്യം.
പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ മികവും നിയമപരമായ വൈദഗ്ധ്യവും വർധിപ്പിക്കാനുള്ള 2027ലെ പരിശീലന പദ്ധതിക്കും യോഗം അംഗീകാരം നൽകി. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് 179 പേർക്ക് പ്രമോഷൻ അനുവദിക്കാനും തീരുമാനിച്ചു.








0 comments