Deshabhimani

ദേശീയദിനം ഇന്ന്‌, വിമോചന ദിനം നാളെ; ആഘോഷത്തിമിർപ്പിൽ കുവൈത്ത്

kuwait
വെബ് ഡെസ്ക്

Published on Feb 25, 2026, 01:42 PM | 2 min read

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യത്തിന്റെ അഭിമാനവും വിമോചനത്തിന്റെ വീരസ്‌മരണയും പുതുക്കി ദേശീയ–വിമോചന ദിനങ്ങൾ ആഘോഷിക്കാൻ കുവൈത്ത് ജനത. രാജ്യത്തിന്റെ 65–-ാമത് ദേശീയദിനം ബുധനാഴ്‌ച ആഘോഷിക്കും. പോരാട്ടത്തിന്റെ ഓർമ പുതുക്കി വ്യാഴാഴ്‌ച 35-ാമത് വിമോചനദിനം ആചരിക്കും. രാജ്യമൊട്ടാകെ ആഘോഷങ്ങൾക്കായി സജ്ജമാണ്. പൊതുസ്ഥലങ്ങളിലും പ്രധാന റോഡുകളിലും വർണാഭമായി അലങ്കാരങ്ങൾ ഒരുങ്ങി. റംസാൻ മാസത്തിന്റെ ആത്മീയത കാത്തുസൂക്ഷിച്ച് മാന്യതയും ഉത്തരവാദിത്വവും പാലിച്ചായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.


പ്രധാന റോഡുകൾ, സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ ദേശീയപതാകകളാലും വർണാഭമായ പ്രകാശങ്ങളാലും അലങ്കരിച്ചു. പാർക്കുകൾ, കടൽത്തീരങ്ങൾ, വിനോദകേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളും സൗഹൃദകൂട്ടായ്മകളും സജീവമാകും. സ്വദേശികളും പ്രവാസികളും ഒരുപോലെ ദേശീയപതാകകളുമായി ആഘോഷങ്ങളിൽ പങ്കുചേരുന്ന കാഴ്ചകൾ നഗരമൊട്ടാകെ പ്രത്യക്ഷമാണ്. റംസാൻ കാലമായതിനാൽ പകൽ ലളിതമായ പരിപാടികളും ഇഫ്താറിന് ശേഷമുള്ള സാംസ്‌കാരിക–വിനോദ പരിപാടികളും പ്രധാന ആകർഷണമാകും.


1961 ജൂൺ 19-ന് ബ്രിട്ടീഷ് സംരക്ഷണ ഉടമ്പടി അവസാനിപ്പിച്ച് കുവൈത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടക്കത്തിൽ ജൂൺ 19-ന്‌ ആയിരുന്നു ദേശീയദിനാചരണം. എന്നാൽ, കടുത്ത വേനൽചൂട് പരിഗണിച്ച് 1963 മുതൽ അത് ഫെബ്രുവരി 25-ലേക്ക് മാറ്റി. സ്വാതന്ത്ര്യപ്രഖ്യാപനത്തിന് നേതൃത്വം നൽകിയ ഷെയ്ഖ് അബ്ദുള്ള അൽ സലീം അൽ സബാഹിന്റെ നേതൃത്വപാടവവും രാജ്യനിർമാണ ദർശനവും ഈ ദിനത്തിന് പ്രത്യേക ചരിത്രപ്രാധാന്യം നൽകി.


ഭരണഘടനയോടുള്ള പ്രതിബദ്ധതയും ദേശീയ സ്വാഭിമാനവും അടയാളപ്പെടുത്തുന്ന ദിനമായാണ് ദേശീയദിനം ആചരിക്കപ്പെടുന്നത്.
1991-ൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായ ഫെബ്രുവരി 26 വിമോചനദിനമായി ആചരിക്കുന്നു. അധിനിവേശകാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഈ ദിനം മാറിയിട്ടുണ്ട്. ഐക്യവും ധൈര്യവും ആത്മവിശ്വാസവും ചേർന്നാണ് കുവൈത്ത് തന്റെ പരമാധികാരം പുനഃസ്ഥാപിച്ചത്.


ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കി. ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അൽ വുഹൈബിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ അന്തിമ തയ്യാറെടുപ്പുകൾ വിലയിരുത്തി. സുരക്ഷാസേന പൂർണ സജ്ജരാണെന്നും ചുമതല നിർവഹിക്കുന്നതിൽ നിരന്തര ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.


വാട്ടർ സ്‌പ്രേ ഉപയോഗിച്ച് വെള്ളം തളിക്കൽ, റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തൽ, ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന തരത്തിൽ വൻ ദേശീയപതാകകൾ വാഹനങ്ങളിൽ സ്ഥാപിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികൾക്ക് പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.


പൊതുജനങ്ങളോട് മാന്യവും സൗഹൃദപരവുമായ സമീപനം സ്വീകരിക്കാനും മുതിർന്നവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും സഹായം നൽകാനും സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾ സന്തോഷത്തിന്റെ പ്രകടനമായിരിക്കണം. എന്നാൽ, അത് ഉത്തരവാദിത്വത്തോടെയും നിയമപരിധിക്കുള്ളിലും ആയിരിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.


ആഘോഷങ്ങളുടെ ഭാഗമായി 25നും 26നും കുവൈത്ത്‌ കാബിനറ്റ് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. രണ്ടുദിവസത്തെ പൊതു അവധിയോടൊപ്പം വെള്ളി, ശനി വാരാന്ത്യംകൂടി ചേരുന്നതോടെ രാജ്യത്ത് നാലുദിവസം തുടർച്ചയായ അവധി ലഭിക്കും. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. എന്നാൽ, ആശുപത്രികൾ, അടിയന്തര സേവനങ്ങൾ, സുരക്ഷാവിഭാഗങ്ങൾ, വിവിധ സേവന കേന്ദ്രങ്ങളിലെ അടിയന്തര വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അത്യാവശ്യ മേഖലകൾ സാധാരണ രീതിയിൽ പ്രവർത്തനം തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home