41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദ് ഷാഫി; യാത്രയയപ്പ് നൽകി

ജിസാൻ: ബെയിഷ് ആലിയയിൽ 41 വർഷമായി സൂപ്പർമാർക്കറ്റ് ജീവനക്കാരനായി ജോലിചെയ്യുന്ന മലപ്പുറം ഒഴൂർ ഓമച്ചപ്പുഴ സ്വദേശി വി കെ മുഹമ്മദ് ഷാഫി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. നാട്ടിൽ നിന്ന് 1985 ൽ ജിസാനിൽ എത്തിയതു മുതൽ ബെയിഷ് ആലിയയിലെ ഷേഖാന സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന മുഹമ്മദ് ഷാഫി ജിസാനിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളാണ്.
ആലിയ പ്രവാസി മലയാളി കൂട്ടായ്‌മയും സുഹൃത്തുക്കളും ചേർന്ന് മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നൽകി. ആലിയയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സ്‌പോൺസർ മൂസ അഹ്‌മജ് ആശംസാ ഫലകം മുഹമ്മദ് ഷാഫിക്ക് കൈമാറി. ജല കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, ബെയിഷ് യൂണിറ്റ് സെക്രട്ടറി മാഹിൻ കൊല്ലം, ഷെമി കോഴിക്കോട്, ഇസ്‌മായിൽ കാവന്നൂർ, മുനീർ, റബീഹ് തലപ്പാറ, മുഹമ്മദലി കോഴിക്കോട്, നൗഫൽ എന്നിവർ സംസാരിച്ചു. മലപ്പുറം ഓമച്ചപ്പുഴ വേരുംകുണ്ടൻ പോക്കറിൻറെയും ഉമയ്യാക്കുട്ടിയുടെയും മകനാണ് മുഹമ്മദ് ഷാഫി. ഖദീജയാണ് ഭാര്യ.










0 comments