ഇന്ദുലേഖയെ വായിച്ച് മെയ്‌മാസ ചില്ല

CHILLA

ബാസിൽ ഇന്ദുലേഖയുടെ വായന സദസുമായി പങ്കുവയ്ക്കുന്നു.

വെബ് ഡെസ്ക്

Published on Jun 04, 2025, 03:08 PM | 2 min read

റിയാദ്: അഞ്ച് വ്യത്യസ്ത കൃതികളെ പങ്കുവെച്ചുകൊണ്ടാണ് ചില്ലയുടെ മെയ്‌മാസ വായന ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ചത്. എം സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്‌തകം' എന്ന കൃതിയുടെ വായന സുരേഷ് ലാൽ സദസുമായി പങ്കുവച്ച് വായനക്ക് തുടക്കം കുറിച്ചു. സ്കൂൾ കാലഘട്ടം മുതൽ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളും അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തിൽ സ്വരാജ് മനോഹരമായി വിശദീകരിക്കുന്നുണ്ട്. മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളിൽ പൂക്കളുടെ സാന്നിദ്ധ്യം എങ്ങനെയായിരുന്നു എന്ന് ചർച്ച ചെയ്യുന്ന കൃതി പ്രായഭേദമന്യെ എല്ലാവരും വായിച്ചിരിക്കണണമെന്ന് സുരേഷ് ലാൽ പറഞ്ഞു. ഒരു യുവരാഷ്ട്രീയ നേതാവിന്റെ ക്രിയാത്മകമായ ഒരു സാംസ്കാരിക ഇടപെടലാണ് പൂക്കളുടെ പുസ്തകമെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.


ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം പാരമ്പര്യാധിഷ്ഠിതമായി വിശ്വസിച്ചുപോന്ന 'ഇന്ദുലേഖ' എന്ന ആഖ്യായികയുടെ സാമൂഹ്യശാസ്ത്രപരമായ വായനയാണ് മുഹമ്മദ് ബാസിൽ ഒ പി നടത്തിയത്. ചന്തുമേനോന്റെ പ്രസ്തുത കൃതി മലയാളത്തിലെ ലക്ഷണം കെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദർഭങ്ങളും സാമൂഹ്യ-കുടുംബ സങ്കൽപ്പവും വിശദീകരിച്ച് ബാസിൽ സമർഥിച്ചു. ഇന്ദുലേഖയിൽ നവോഥാന ആശയങ്ങളൊന്നും തന്നെയില്ല. ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ട് എന്നുമാത്രം. എന്നാൽ പാശ്ചാത്യസാഹിത്യ പ്രചോദനം കൊണ്ട് സംഭവിക്കേണ്ട പുരോഗമനപരമായതൊന്നും തന്നെ കഥാവികാസത്തിലോ, കഥാപാത്രങ്ങളിലോ കാണാൻ സാധിക്കില്ല എന്ന് അവതാരകൻ വ്യക്തമാക്കി.


ഡോ. പ്രശോഭ് ഈനോസിന്റെ 'ആരണ്യകാണ്ഡം' എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി സദസിന് മുന്നിൽ അവതരിപ്പിച്ചത്. ഒരു മെഡിക്കൽ ഓഫീസറായിരിക്കെ തന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനായ ഡോക്ടറുടെ വനയാത്രകളും വന്യതയിലെ സൗന്ദര്യവും ആഴവും ഗഹനതയും പുസ്തകത്തിൽ പ്രതിഫലിക്കുന്നു എന്ന് അവതാരക പറഞ്ഞു.


പി പി രാമചന്ദ്രന്റെ 'കാണെക്കാണെ' എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസൽ പങ്കുവെച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകൻ പറഞ്ഞു. എൻ എൻ കക്കാട്, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട എന്നിവരിൽ നിന്നെന്ന പോലെ ഇടശ്ശേരി, എം ഗോവിന്ദൻ എന്നിവരിൽ നിന്നും കാവ്യോർജ്ജം സ്വീകരിക്കുന്ന രാമചന്ദ്രൻ മലയാള കവിതയുടെ ഏറ്റവും സുന്ദരമായ മുദ്രയാണെന്ന് ഫൈസൽ അവകാശപ്പെട്ടു.


പ്രശസ്ത മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തു രചിച്ച 'രമണീയ വനങ്ങളെ രണൽ ഭ്രമര വ്യാകുലമാം സുമങ്ങളെ' എന്ന കൃതിയുടെ വായനാനുഭവമാണ് ഷഹീബ വി കെ സദസുമായി പങ്കുവച്ചത്. താൻ വായിച്ച പുസ്തകങ്ങളെ മുൻനിർത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം. മാർക്കേസും മാർക്‌സും എലനോർ മാർക്സും ബുദ്ധനും പ്രവാചകനും മമ്മൂട്ടിയും പുടിനും പുസ്തകത്തിൽ വിഷയങ്ങളായി കടന്നുവരുന്നു. ഹിന്ദുത്വ ഫാസിസവും ഗാന്ധിവധവും അതേതുടർന്ന് തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തയുടെ കാമുകി മനോരമ സാൽവിയുമൊക്കെ കടന്നുവരുന്ന പുസ്തകം മികച്ച വായനകളുടെ വായനയാണെന്ന് ഷഹീബ പറഞ്ഞു.


വായനകൾക്ക് ശേഷം നടന്ന ചർച്ചയിൽ ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം സാലി, ശശി കാട്ടൂർ, റസൂൽ സലാം, സീബ കുവോട്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home