മലയാളം കടന്നും 'തുടരും'; ഹിന്ദി റീമേക്ക് സൂചന നൽകി തരുൺ മൂർത്തി

കൊച്ചി: മലയാളത്തില്‍ വന്‍വിജയമായി മാറിയ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' റീമേക്ക് ചെയ്യുമെന്ന് സൂചന. സംവിധായകൻ തരുണ്‍ മൂര്‍ത്തി തന്നെയാണ് വിവരം പുറത്തുവിട്ടത്. ആമിര്‍ ഖാന്റേയും അജയ് ദേവ്ഗണിന്റേയും കമ്പനികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇത്രയും വലിയ ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റില്‍ ചെയ്യാന്‍ പറ്റുന്നു എന്നുമായിരുന്നു അവര്‍ക്ക് അറിയേണ്ടയിരുന്നതെന്നും തരുൺ പറഞ്ഞു.

'ഹിന്ദി ഞാൻ തന്നെ സംവിധാനം ചെയ്യാമോ എന്ന് അവർ എന്നോട് ചോദിച്ചെങ്കിലും ബാക്ക് ടു ബാക്ക് കമ്മിറ്റ്മെന്റുകൾ ഉള്ളതിനാൽ എനിക്ക് അത് ചെയ്യാനാകുമോ എന്നറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദി വേർഷൻ പുറത്തിറക്കാൻ ആണ് അവർ നോക്കുന്നത്. കാരണം അദ്ദേഹത്തിന് ഒരു സ്റ്റണ്ട് പശ്ചാത്തലം ഉണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നതിനാൽ അങ്ങനെ ഒരു ആലോചനയുമുണ്ട്. പക്ഷെ ഫൈനൽ സ്റ്റേജിലേക്ക് എത്തിയിട്ടില്ല'– തരുൺ കൂട്ടിച്ചേർത്തു.
മോഹൻലാൽ- ശോഭന കോംബോയിൽ തരുൺ മൂർത്തി ഒരുക്കിയ ചിത്രമായിരുന്നു തുടരും. ഈ വർഷം ഏപ്രിൽ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിട്ടത്. മോഹൻലാലിന്റെ കരിയറിലെ 360-മത്തെ സിനിമയായിരുന്നു തുടരും.
റീമേക്ക് ചർച്ചകൾക്കിടയിൽ തരുൺ മൂർത്തിയും മോഹൻലാലും മറ്റൊരു യാത്ര ആരംഭിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. 'ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരു പ്രപഞ്ചം ഇളകിമറിയുന്നു' എന്ന അടിക്കുറിപ്പോടെ ആഷിഖ് ഉസ്മാനാണ് വിവരം പങ്കുവച്ചിരിക്കുന്നുത്. മോഹൻലാൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. മറ്റൊരു തരുൺ മൂർത്തി മാജിക് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

രതീഷ് രവിയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഉടൻ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.








0 comments