യുഎസിൽ ട്രക്ക് അപകടത്തിൽ രണ്ട് പേർ മരിച്ച സംഭവം; ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം ചുമത്തി

indian citizen us accdnt
വെബ് ഡെസ്ക്

Published on Dec 03, 2025, 04:11 PM | 1 min read

ഓറിഗണ്‍: യുഎസിലെ ഓറിഗണിൽ നടന്ന ട്രക്ക് അപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. 32 കാരനായ രാജിന്ദർ കുമാറിനെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിയമവിരുദ്ധമായാണ് രാജിന്ദർ യുഎസിലേക്ക് പ്രവേശിച്ചത്.


വില്യം മൈക്കിൾ കാർട്ടർ (25), ജെന്നിഫർ ലിൻ ലോവർ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും അടുത്തിടെ വിവാഹിതരായവരാണ്. രാജിന്ദർ കുമാറിന് പരിക്കുകളില്ല. നവംബർ 24ന് രാത്രി ഓറിഗണിലെ ഡെഷൂട്ട്സ് കൗണ്ടിയിലാണ് അപകടമുണ്ടായത്. രാജിന്ദർ ഓടിച്ച സെമി-ട്രക്ക്, റോഡിന് കുറുകെയായി നിന്നതാണ് അപകടത്തിന് കാരണം. രണ്ട് പാതകളും തടസ്സപ്പെടുത്തിക്കൊണ്ടാണ് വണ്ടി നിന്നിരുന്നത്. ഇതിനിടെ വന്ന കാർ ട്രക്കിൽ ഇടിക്കുകയും കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.


അപകടം നടന്ന സ്ഥലത്ത് അടിയന്തര മുന്നറിയിപ്പ് ഉപകരണങ്ങളോ വെളിച്ചമോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെത്തുടർന്ന് ഏകദേശം ഏഴ് മണിക്കൂറോളം ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.


അശ്രദ്ധമൂലമുള്ള നരഹത്യാക്കുറ്റം, അപകടകരമായ സാഹചര്യം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് രാജിന്ദർ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ ഡെഷൂട്ട്സ് കൗണ്ടി ജയിലിൽ അടച്ചു. 2022 നവംബർ 28-ന് അരിസോണയിലെ ലൂക്ക്‌വില്ലെ വഴി ഇയാൾ യു.എസിൽ നിയമവിരുദ്ധമായി പ്രവേശിച്ചതായി യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.


ഈ സംഭവം അമേരിക്കയിൽ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച രാജിന്ദർ കുമാറിന് കാലിഫോർണിയയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ് ഒരു കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകിയതിനെ ഡിഎച്ച്എസ് വിമർശിച്ചു. അഭയാർഥികൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയക്കാരുടെ നടപടി കാരണം നിയമവിരുദ്ധമായി കുടിയേറിയവർ അമേരിക്കൻ റോഡുകളിൽ അപകടകരമായ രീതിയിൽ ട്രക്ക് ഓടിക്കുന്നത് അനുവദിക്കപ്പെടുന്നു എന്ന വിമർശനവും ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home