ഒരേ ഒരു കോഹ്‍ലി; കിങ് ആയി തിരിച്ചു വരവ്, തുടർച്ചയായി രണ്ടാം സെഞ്ചുറി

റായ്‌പുർ: കാലം കഴിഞ്ഞെന്ന് എഴുതി തള്ളിയവർക്ക് ബാറ്റിലൂടെ മറുപടി നൽകി വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായി രണ്ട് ഏകദിന സെഞ്ചുറി കുറിച്ചാണ് താരം വിമർശകരുടെ വായടപ്പിച്ചത്. രോ–കോ സഖ്യമായിരിക്കും രണ്ടാം ഏകദിനത്തിലും ശ്രദ്ധാകേന്ദ്രം. രോഹിത്ത് വീണതോടെ ഋതുരാജ് ഗെയ്‌ക്ക്‌വാദിനൊപ്പം ചേർന്നാണ് കോഹ്‍ലി ഇത്തവണ ഇന്ത്യയെ നയിച്ചത്. 90 പന്തിൽ നിന്നായിരുന്നു സെഞ്ചുറി. രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയതോടെ കോഹ്‍ലിയുടെ ഏകദിന സെഞ്ചുറികളുടെ എണ്ണം 53 ആയി. കരിയറിൽ 84 സെഞ്ചുറികളാണ് നേടിയത്. 100 സെഞ്ചുറികളുള്ള സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് മുന്നിൽ.
ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയ കോഹ്‍ലിയായിരുന്നു കളിയിലെ താരം. 120 പന്തിൽ 135 റണ്ണടിച്ച മുപ്പത്തേഴുകാരൻ 11 ഫോറും ഏഴ് സിക്‌സറും നേടി. ഒരു ഫോർമാറ്റിൽ കൂടുതൽ സെഞ്ചുറിയെന്ന റെക്കോഡും കരസ്ഥമാക്കി. സച്ചിൻ ടെസ്‌റ്റിൽ നേടിയ 51 സെഞ്ചുറിയെന്ന റെക്കോഡാണ് കോഹ്‌ലി ഏകദിനത്തിൽ മറികടന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഏകദിനത്തിൽ തുടരുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മിന്നും പ്രകടനം.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും കോഹ്‍ലിയും ഋതുരാജ് ഗെയ്‌ക്ക്‌വാദും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 195 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ശർമയുടെയും (14) യശസ്വി ജയ്സ്വാളിൻറെയും (22) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് കോഹ്‍ലിക്കൊപ്പം ഒന്നിച്ച ഗെയ്‌ക്ക്‌വാദ് (105) അടിതുടർന്നതോടെ ദക്ഷിണാഫ്രിക്കൻ ബോളർമാർ എറിഞ്ഞു കുഴഞ്ഞു. സെഞ്ചുറി പൂർത്തിയാക്കിയ ശേഷമാണ് താരം മടങ്ങിയത്. 83 പന്ത് നേരിട്ട ഗെയ്‌ക്ക്‌വാദ് 12 ഫോറും രണ്ട് സിക്സും പറത്തി. 39 ഓവര്‍ പിന്നിടുന്പോള്‍ 284/3 എന്ന നിലയിലാണ് ഇന്ത്യ.








0 comments