കൊലക്കേസ് പ്രതികളെ ചേർത്തുപിടിച്ച് കോൺഗ്രസ്; ധീരജ് രാജേന്ദ്രൻ വധക്കേസിലെ പ്രതി യുഡിഎഫ് സ്ഥാനാർഥി

ഇടുക്കി : ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രൻ വധക്കേസിലെ പ്രതി തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി. കേസിലെ ആറാം പ്രതി സോയിമോൻ സണ്ണിയാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് ആറാംവാർഡ് അട്ടിക്കുളത്ത് മത്സരിക്കുന്നത്. കഴിഞ്ഞതവണ സോയിമോൻ മത്സരിച്ച ചേലച്ചുവട് വാർഡ് ഇത്തവണ വനിതാ വാർഡായിരുന്നു. ഇതോടെയാണ് അട്ടിക്കുളത്ത് സീറ്റ് തരപ്പെടുത്തിയത്.
2022 ജനുവരി 10നാണ് യൂത്ത് കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. സംഘർഷത്തിലും കൊലപാതകത്തിലും നേരിട്ട് പങ്കെടുത്തയാളാണ് സോയിമോൻ. ഒന്നും രണ്ടും മൂന്നും പ്രതികൾക്കൊപ്പം സോയിമോനും സംഭവസ്ഥലത്തുണ്ടായിരുന്നു. കേസിൽ സാക്ഷിവിസ്‍താരം ജനുവരിയിൽ തുടങ്ങാനിരിക്കുകയാണ്. നിഖിൽ പൈലി ഒന്നാംപ്രതിയായ കേസിൽ സോയിമോനൊപ്പം മറ്റ് ആറ് പ്രതികൾ കൂടിയുണ്ട്. സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി കഞ്ഞിക്കുഴി പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്‍ക്കും ചുക്കാൻ പിടിച്ചത് സോയിയാണെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആവാൻ ശ്രമം നടത്തിയെന്നും നിലവിലെ പ്രസിഡന്റുമായി ഭിന്നതയിലായിരുന്നു സോയിമോനെന്നും വിവരമുണ്ട്.
ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിയുടെ സമ്മർദ്ദവും ഭീഷണിയുമുണ്ടായിരുന്നു. പാർടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥിയാക്കിയാൽ താനും മത്സരിക്കുമെന്നായിരുന്നു സമൂഹമാധ്യമത്തിൽ കുറിച്ചത്. യുഡിഎഫിന് ഈ വെല്ലുവിളിക്ക് മുന്നിൽ വഴങ്ങേണ്ടിയും വന്നിരുന്നു. കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രതികളെ എന്നും ചേർത്തുപിടിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. 2023ൽ നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് ഔട്ട്‍റീച്ച് സെൽ വൈസ് ചെയർമാനാക്കി. പ്രധാന നേതാക്കൾക്കൊപ്പം ജാഥകളിലും പരിപാടികളിലും ഇയാളെ കണ്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ പ്രചാരകനായും നിഖിൽ പൈലിയെത്തി.








0 comments