ഇസ്രായേൽ യുദ്ധ കുറ്റകൃത്യങ്ങളെ അപലപിച്ച് ഏഷ്യൻ രാജ്യങ്ങളിൽ കൂറ്റൻ പ്രകടനങ്ങൾ

File Photo
കെ എൽ ഗോപി
Published on Aug 18, 2025, 01:32 PM | 2 min read
ഷാർജ : ഗാസ മുനമ്പിലെ വംശഹത്യ യുദ്ധത്തിനെതിരായ ആഗോള ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തെക്കു കിഴക്കൻ ഏഷ്യയിലെ നിരവധി രാജ്യങ്ങളിൽ ഒരേസമയം പ്രകടനങ്ങൾ നടന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങുകൾ ബർലിനിലും സ്റ്റോക്ക് ഹോമിലും നടന്നു.
ഇസ്രായേലി നഗരങ്ങളിലും പതിനായിരക്കണക്കിന് ആളുകൾ പ്രകടനം നടത്തി. നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു. നേപ്പാളിന്റെ തലസ്ഥാനമായ കാർമണ്ഡുവിന്റെ മദ്യഭാഗത്ത് നൂറുകണക്കിന് ആളുകൾ ഫലസ്തീനിലെ ഇസ്രായേലി യുദ്ധ കുറ്റങ്ങളെ അപലപിച്ച റാലിയിൽ പങ്കെടുത്തു. ഇസ്രായേലി ആരോപണങ്ങളുടെ കാപട്യം പ്രതിഷേധക്കാർ തുറന്നുകാട്ടി. ഇന്ത്യയുമായും, പാശ്ചാത്യ ശക്തികളുമായും പ്രത്യേകിച്ച് അമേരിക്കയുമായും രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന നേപ്പാൾ സർക്കാർ സംഘർഷങ്ങളിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. തൽഫലമായി ഇസ്രായേലിലേക്കുള്ള തൊഴിലാളികളുടെ കയറ്റുമതി നിർത്തലാക്കാനുള്ള ആവശ്യങ്ങളോട് രാജ്യം വിസമ്മതിക്കുകയാണ്.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ "ശ്രീലങ്ക പാലസ്തീനായി ഒന്നിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച് നടന്നത്. പട്ടിണിയും വംശഹത്യയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകൾ വഹിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രകടനക്കാർ തെരുവുകളിൽ അണിനിരന്നു.ഗാസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ യുദ്ധ കുറ്റങ്ങളെ അപലപിക്കുകയും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആയുധവും പണവും നൽകി ഇസ്രായേലിനെ പിന്തുണക്കുന്നതിനെ അപലപിക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി.
മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ, പാലസ്തീനോടുള്ള ഐക്യദാർഢ്യ റാലിയിൽ, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുള്ളവരേയും വിവിധ രാഷ്ട്രീയപാർട്ടികളെയും ഉൾപ്പെടുത്തി ആയിരക്കണക്കിന് പ്രകടനക്കാർ ഒരു സ്പോർട്സ് സ്റ്റേഡിയത്തിൽ ഒത്തുകൂടി. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ട ആറു മാധ്യമപ്രവർത്തകരുടെ പ്രതീകാത്മക ശവസംസ്കാരത്തെ ചടങ്ങുകൾ നടന്നു. 22 മാസത്തിനിടയിൽ 300ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട ഗാസ മുനമ്പിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ പരാമർശിച്ചുകൊണ്ട്, സത്യത്തിന്റെ ശബ്ദങ്ങളെ മനപ്പൂർവം ലക്ഷ്യം വയ്ക്കുന്നതിനെ പ്രതീകാത്മക ശവ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ അപലപിച്ചു. ഇസ്രായേലിൽ സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും, ഉപരോധം പിൻവലിക്കണമെന്നും , പട്ടിണി നയത്തെ അപലപിക്കണമെന്നും ആവശ്യപ്പെട്ട് ജർമൻ തലസ്ഥാനമായ ബർലിനിൽ പ്രകടനങ്ങൾ നടന്നു. ഇസ്രായേൽ ആക്രമണത്തിന് സർക്കാർ പിന്തുണ നൽകുന്നതിനേയും പ്രകടനക്കാർ അപലപിച്ചു.
ടെൽ അവീവ്, ഹൈഫ, മറ്റ് ഇസ്രായേലിൽ നഗരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ പ്രകടനങ്ങൾ നടന്നു. ഇസ്രായേലികൾ സർക്കാരിൻറെ ബന്ധികളായി മാറിയിരിക്കുന്നുവെന്നും അതിനെ രക്തരൂക്ഷിതം എന്ന് അവർ വിശേഷിപ്പിച്ചതായും പ്രകടനക്കാർ പറഞ്ഞു യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്നും എല്ലാ ബന്ദികളേയും ഉടൻ മോചിപ്പിക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.










0 comments