കല കുവൈത്ത് ക്രിക്കറ്റ് കിരീടം മംഗഫ് സൗത്തിന്

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈത്ത്) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് 2026ൽ മംഗഫ് സൗത്ത് യൂണിറ്റ് ജേതാക്കളായി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ സാൽമിയ യൂണിറ്റിനെ പരാജയപ്പെടുത്തിയാണ് മംഗഫ് സൗത്ത് കിരീടം നേടിയത്. നാല് മേഖലകളിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 27 ടീമുകൾ മത്സരിച്ചു.
സാൽമിയ യൂണിറ്റിന്റെ ജിജീഷ് തുണ്ടിയിൽ ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സൗത്തിന്റെ ഇർഷാദ് ഇച്ചു മികച്ച ബൗളർക്കുള്ള പുരസ്‌കാരം നേടി. ഫൈനലിലെ മികച്ച താരമായി മംഗഫ് സൗത്തിന്റെ എബിമോൻ ബേബിക്കുട്ടിയെ തിരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ ജേതാക്കളായ മംഗഫ് സൗത്തിനും രണ്ടാം സ്ഥാനം നേടിയ സാൽമിയയ്ക്കും ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു.
കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കായിക സെക്രട്ടറി അശോകൻ കൂവ സ്വാഗതവും ടൂർണമെന്റ് കൺവീനർ റഫീഖ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീൺ പി വി, ട്രഷറർ സുരേഷ് പി ബി, അബ്ബാസിയ മേഖലാ സെക്രട്ടറി കൃഷ്ണ മേലെത്ത് എന്നിവർ പങ്കെടുത്തു.








0 comments