ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ വിളിച്ചുവരുത്തി നടപടി

കുവൈത്ത് സിറ്റി : വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ട്രാഫിക് വകുപ്പ്. ഫോണിൽ വിഡിയോ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണം നടത്തുകയോ ചെയ്യുന്ന ഡ്രൈവർമാരെ നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി നിയമനടപടി സ്വീകരിക്കും.
വാഹനമോടിക്കുന്നതിനിടെ സമൂഹമാധ്യമങ്ങൾക്കായി വിഡിയോ പകർത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി ട്രാഫിക് വകുപ്പിലെ നിയമലംഘന, ലൈസൻസിങ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അൽ അദ്‌വാനി പറഞ്ഞു. ഡ്രൈവർമാരുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളുടെ എണ്ണവും വർധിപ്പിച്ചുവരികയാണ്. വാഹനമോടിക്കുമ്പോൾ ഫോൺ മാറ്റിവച്ച് റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചു.








0 comments