കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം തുടങ്ങി

കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം പോലീസ് മാർക്ക് ചെയ്തു വെച്ചപ്പോൾ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽനിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്
ബുധൻ രാവിലെ ആറോടെ നടക്കാൻ ഇറങ്ങിയവരാണ് മണ്ണിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്. ബീച്ചിലെ ഓപ്പൺ സ്‌റ്റേജിന് പരിസരത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബൊമ്മയോ കളിപ്പാട്ടമോ ആണെന്നാണ് കണ്ടവർ ആദ്യം കരുതിയത്. പിന്നീട് സമീപത്തെ സുരക്ഷാ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് ബീച്ചാശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ജനിച്ച ഉടനെ മരിച്ച കുട്ടിയാണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ഇതിന് ശേഷമാകാം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.








0 comments