ഹജ്ജ് ഒരുക്കം വിലയിരുത്തി മക്ക ഡെപ്യൂട്ടി അമീർ

ജിദ്ദ : ഹജ്ജ് തീർഥാടന സീസണിന് മുന്നോടിയായി സൗകര്യങ്ങളും സജ്ജീകരണങ്ങളും നേരിട്ട് വിലയിരുത്തി മക്ക ഡെപ്യൂട്ടി അമീറും ഹജ്ജ്, -ഉംറ സ്ഥിരം സമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ രാജകുമാരൻ. മക്ക-–ജിദ്ദ എക്‌സ്‌പ്രസ് വേയിലെ ശുമൈസി ചെക്ക് പോസ്റ്റ് സന്ദർശിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്. അത്യാധുനിക സ്‌മാർട്ട് സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ച 16 പാതകളാണ് ചെക്ക് പോസ്റ്റിലുള്ളത്. ഹൈവേ പട്രോളിങ്ങിനുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, 10 സർക്കാർ ഏജൻസികൾക്കായുള്ള പ്രത്യേക കെട്ടിടം, ജീവനക്കാരുടെ താമസം എന്നിവയും ഇവിടെയുണ്ട്. തിരക്കേറിയ സമയങ്ങളിൽ തീർഥാടകരുടെ മക്കയിലേക്കുള്ള വരവ് സുഗമമാക്കാൻ ചെക്ക് പോസ്റ്റ് സഹായിക്കും. തീർഥാടകരുടെ വരവ് എളുപ്പമാക്കാനുള്ള പദ്ധതികളെക്കുറിച്ചും മോണിറ്ററിങ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി.
മിന അടിയന്തര ആശുപത്രിയും സന്ദർശിച്ചു. 5300 ചതുരശ്ര മീറ്ററിലധികം വിസ്‌തീർണമുള്ള ആശുപത്രിയിൽ 200 കിടക്കകളുടെ ശേഷിയുണ്ട്. നിർമാണത്തിലും പ്രവർത്തനത്തിലും ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ പൂർത്തിയായ ആശുപത്രികളിൽ ഒന്നാണിത്. ഹജ്ജ് വേളയിലെ ആരോഗ്യ സജ്ജീകരണങ്ങളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. വിവിധ ആരോഗ്യ -സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ 15ൽ അധികം ഫീൽഡ് ആശുപത്രികൾ ഇതിനകം സ്ഥാപിച്ചു. ആകെ പ്രവർത്തനശേഷി 20,000ൽ അധികം കിടക്കകളായി ഉയർത്തി. 52,000-ൽ അധികം ആരോഗ്യ പ്രവർത്തകരും ജീവനക്കാരുമാണ് തീർഥാടകരെ സേവിക്കാൻ രംഗത്തുണ്ടാകുക. പുണ്യസ്ഥലങ്ങളിലുടനീളം 25 അടിയന്തര കേന്ദ്രങ്ങൾ പ്രവർത്തിക്കും. 900ൽ അധികം ആംബുലൻസ്, അടിയന്തര ചികിത്സാ സഹായത്തിനായി തീർഥാടകരെ വിമാനമാർഗം ആശുപത്രികളിലേക്ക് മാറ്റുന്ന സംവിധാനം, 71 ഫീൽഡ് എമർജൻസി പോയിന്റുകൾ എന്നിവയും സജ്ജമാണ്.
ജലവിതരണപ്രവർത്തനം നിയന്ത്രിക്കുന്ന ‘തീർഥാടന കേന്ദ്രങ്ങളുടെ നിരീക്ഷണ, -നിയന്ത്രണ കേന്ദ്രവും' സന്ദർശിച്ചു. 4000ൽ അധികം സെൻസറുകളും നിരീക്ഷണ ഉപകരണങ്ങളും ഉപയോഗിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പുണ്യസ്ഥലങ്ങളിലെ 27 ഓപ്പറേഷൻ സോണുകളെ നിരീക്ഷിക്കുന്ന കേന്ദ്രം ജലവിതരണം സുഗമമാക്കാനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കാനും സഹായിക്കുന്നു.
കിദാന ഡെവലപ്‌മെന്റ് കമ്പനി നടത്തുന്ന തസ്‌ലീം സെന്ററും സന്ദർശിച്ചു. ക്യാമ്പുകളുടെ സജ്ജീകരണങ്ങൾ വർധിപ്പിക്കാനായി വികസിപ്പിച്ചെടുത്ത ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. നടപടിക്രമങ്ങളുടെ വേഗതയും കൃത്യതയും ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതമായ ഡാറ്റ മാനേജ്‌മെന്റും ഇത് വാഗ്‌ദാനം ചെയ്യുന്നു.
സമഗ്ര വെബ്‌സൈറ്റ്, സ്‌മാർട്ട്‌ഫോൺ ആപ്, സെൻട്രൽ ഡാറ്റാബേസ്, അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെക്യൂരിറ്റി സിസ്റ്റം എന്നിവയും കേന്ദ്രം ഒരുക്കിയിട്ടുണ്ട്. മുസ്ദലിഫയിലെ എമിറേറ്റ് ഓഫീസിൽ നടന്ന ഹജ്ജ്, -ഉംറ സ്ഥിരം സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ടാണ് അദ്ദേഹം പര്യടനം അവസാനിപ്പിച്ചത്. വിവിധ ഏജൻസികളുടെ പ്രവർത്തന പദ്ധതികൾ, തീർഥാടകരെ സേവിക്കുന്നതിലെ ഏകോപനം, പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങളുടെ സജ്ജീകരണം എന്നിവ യോഗം വിശദമായി അവലോകനം ചെയ്തു. ഹജ്ജ്, -ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൾ ഫത്താഹ് മഷാത്, മക്ക മേയർ മുസാഇദ് അൽ ദാവൂദ്, പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസാമി തുടങ്ങിയവർ ഡെപ്യൂട്ടി അമീറിനെ അനുഗമിച്ചു.










0 comments