മാധവൻ പാടി പുരസ്കാരങ്ങൾ ഫിദ ഫാത്തിമയ്ക്കും ആദിൽ ജിമ്മിയ്ക്കും

ഷാർജ : ഷാർജയിലെ സാംസ്കാരിക സാമൂഹ്യ പ്രവർത്തകനും മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ദീർഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർത്ഥം മാസ് ഏർപ്പെടുത്തിയ നാലാമത് മാധവൻ പാടി അവാർഡുകൾ പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ്, ഗേൾസ് സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്കാണ് അവാർഡുകൾ നൽകുന്നത്. പാഠ്യ-പാഠ്യേതര പ്രചർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് മാസ് ഭാരവാഹികളും അവാർഡ് കമ്മിറ്റിയും അറിയിച്ചു. ഗേൾസ് വിഭാഗത്തിൽ ഹിദ ഫാത്തിമ, ബോയ്സ് വിഭാഗത്തിൽ ആദിൽ ജിമ്മി എന്നിവർക്കാണ് അവാർഡ്.
മാസ് മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന ചെയർമാനും മുൻ പ്രസിഡന്റുമാരായ താലിബ്, വാഹിദ് നാട്ടിക, മാസ് ഭാരവാഹികൾ തുടങ്ങിയവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മെയ് 11 വൈകിട്ട് 5-ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന കൊച്ചു കൃഷ്ണൻ, മാധവൻ പാടി അനുസ്മരണ യോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ ഡോ. പി കെ ഗോപൻ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന അനുസ്മരണ - അവാർഡ് ദാന സമ്മേളനത്തിൽ വിവിധ സമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. തുടർന്നു ഗസൽ സന്ധ്യയും അരങ്ങേറും എന്ന് മാസ് ജനറൽ സെക്രട്ടറി ബിനു കൊറോം, പ്രസിഡന്റ് അജിത രാജേന്ദ്രൻ, ട്രഷറർ സുരേഷ് നമ്പലാട്ട് എന്നിവർ അറിയിച്ചു.









0 comments