മാക്രോൺ റിയാദിൽ; സൗദിക്ക് ഫ്രാൻസിന്റെ പ്രതിരോധ സഹായം

റിയാദ്: സൗദി അറേബ്യക്ക് പ്രതിരോധ സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റിയാദിൽ. ഹൂതി ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ സൗദിയുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഫ്രാൻസിന്റെ പിന്തുണ ഉറപ്പുനൽകിയാണ് മാക്രോണിന്റെ സന്ദർശനം.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും. സൗദിയുടെ ഭൂപ്രദേശത്തെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനായി കഴിഞ്ഞ എട്ടുദിവസമായി ഫ്രാൻസ് സൈനിക ഉദ്യോഗസ്ഥരെയും പ്രതിരോധ സംവിധാനങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ദോഹയിൽനിന്ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
ഹൂതി ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ച സൗദിയുടെ കിഴക്ക്–പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണികൾക്കും സുരക്ഷയ്ക്കും സഹായം നൽകാൻ ഫ്രാൻസ് നിർദേശിച്ചിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിൽനിന്ന് ചെങ്കടൽ തീരത്തെ യാമ്പുവിലേക്ക് എണ്ണ എത്തിക്കുന്ന ഈ പൈപ്പ്‌ലൈൻ സൗദിയുടെ പ്രധാന ഊർജ ഗതാഗത സംവിധാനങ്ങളിലൊന്നാണ്.
ഈ മാസം ഹൂതി ആക്രമണങ്ങൾ ശക്തമായശേഷം സൗദി സന്ദർശിക്കുന്ന ആദ്യ പാശ്ചാത്യ നേതാവാണ് മാക്രോൺ. അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന കേന്ദ്രങ്ങൾ, ഊർജ സ്ഥാപനങ്ങൾ എന്നിവയ-്‌ക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാനും ഫ്രഞ്ച് വിദേശമന്ത്രി ജീൻ നോയൽ ബറോയും നടത്തിയ ചർച്ചകളിലും ഉഭയകക്ഷി ബന്ധവും പ്രാദേശിക സുരക്ഷയും പ്രധാന വിഷയങ്ങളായിരുന്നു.









0 comments