Deshabhimani

പാമ്പാടി സ്‌കൂട്ടർ അപകടം

പിറന്നാൾ ദിനത്തിൽ കൃപയ്‌ക്ക്‌ കണ്ണീരോടെ വിട നൽകി ജന്മനാട്‌.; ആഷ്‌ലിയുടെ സംസ്കാരം ഇന്ന്

Kripa Funeral

വാഹനാപകടത്തിൽ മരിച്ച മകൾ കൃപയുടെ മൃതദേഹത്തിൽ അന്ത്യകർമം ചെയ്യുന്ന പിതാവ് ഫാ. കുര്യാക്കോസ് . അമ്മ അനിത കുര്യൻ, സഹോദരൻ കിരൺ ജേക്കബ് എന്നിവർ സമീപം. ഫോട്ടോ: മനു വിശ്വനാഥ്

avatar
സ്വന്തം ലേഖകൻ

Published on Oct 23, 2026, 08:59 AM | 1 min read

പാമ്പാടി: കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക്‌ മറിഞ്ഞ്‌ മരിച്ച കൃപ മെറിൻ കുര്യാക്കോസിന്‌ കണ്ണീരോടെ വിട നൽകി ജന്മനാട്‌. പിറന്നാൾ ആഘോഷങ്ങളുടെ ആരവങ്ങൾ മുഴങ്ങേണ്ട വീട്ടിൽനിന്ന്‌ കൃപയ്‌ക്ക്‌ യാത്രാമൊഴിയേകിയത്‌ ആയിരങ്ങൾ.


വ്യാഴാഴ്‌ച കൃപയുടെ 25–ാം പിറന്നാൾ ദിനമായിരുന്നു. പിറന്നാളും വരാനിരിക്കുന്ന ഇടവകപ്പെരുന്നാളും കൂടാനാകാതെ, നാട്ടിലെ കൂട്ടുകാരെ കണ്ടുതീരാതെയാണ്‌ കൃപയുടെ മടക്കം. രണ്ട്‌ ദിവസം മുന്പാണ്‌ ഓസ്‌ട്രേലിയയിൽനിന്ന്‌ കൃപ നാട്ടിലേക്ക്‌ എത്തിയത്‌. കൂട്ടുകാരി ആഷ്‌ലി ആൻ തോമസിനൊപ്പം സ്‌കൂട്ടറിൽ സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ ബുധൻ രാവിലെയായിരുന്നു അപകടം.


വ്യാഴം രാവിലെ ഏഴോടെയാണ്‌ മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽനിന്നു മൃതദേഹം പാമ്പാടി പൊത്തൻപുറത്തുളള കടുവുംഭാഗം വീട്ടിലെത്തിച്ചത്‌. മകളുടെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കളായ ഫാ. കുര്യാക്കോസും അനിതയും സഹോദരൻ കിരണും വിതുന്പി. വീട്ടുകാരോടൊപ്പം ഒരാഴ്‌ച ചെലവിട്ട്‌ ഓസ്‌ട്രേലിയയിലേക്ക്‌ മടങ്ങാൻ ലക്ഷ്യമിട്ടായിരുന്നു കൃപ നാട്ടിലെത്തിയത്‌.


എട്ടരയോടെ മൃതദേഹം ഫാ. കുര്യാക്കോസ്‌ ഡയറക്ടറായ ബ്ലോസംവാലി ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഹാളിൽ പൊതുദർശനത്തിനുവച്ചു. കൃപയ്‌ക്ക്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മതമേലധ്യക്ഷന്മാരുമുൾപ്പെടെ നൂറുകണക്കിന് ആളുകളെത്തി.


കടുവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളിയിലായിരുന്നു അന്ത്യശുശ്രൂഷകൾ. കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാർമികത്വത്തിൽ നടന്ന അന്ത്യശുശ്രൂഷക്കുശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.


ദുരന്തത്തിൽ പൊലിഞ്ഞ ആഷ്‌ലി ആൻ തോമസിന്റെ മൃതദേഹം വ്യാഴം വൈകിട്ട് അഞ്ചോടെ മീനടം മാളികപ്പടിയിലുള്ള വട്ടക്കാവുങ്കൽ വീട്ടിലെത്തിച്ചു. നിരവധിപേർ അന്ത്യാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തി. സംസ്കാരം വെള്ളി രാവിലെ 10.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം മീനടം സെന്റ് ജോർജ് (ഉണക്കപ്ലാവ്) ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home