രാജ്യമാകെ ജന്തര്‍മന്തറാകും; ഗ്യാനേഷിനെതിരെ ഇന്ന് പീപ്പിൾസ് മാർച്ച്


സ്വന്തം ലേഖകൻ
Published on Oct 23, 2026, 09:41 AM | 1 min read
ന്യൂഡൽഹി: ജനാധിപത്യത്തെ കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്‌ച രാജ്യവ്യാപക പ്രക്ഷോഭം. ‘പീപ്പിൾസ് മാർച്ച്’ എന്ന പേരിലുള്ള പ്രതിഷേധത്തിൽ തൊഴിലാളികളും കർഷകരും കര്‍ഷകത്തൊഴിലാളികളും വിദ്യാർഥി, സംഘടനകളും പങ്കെടുക്കും. പീപ്പിൾ എഗെയ്‌ൻസ്റ്റ് എസ്‌ഐആറിന്റെ ആഭിമുഖ്യത്തിലാണ് ‘ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ പ്രതിഷേധം’ എന്ന മുദ്രാവാക്യമുയർത്തി സമരം.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദൻ ഓഫീസിലേക്ക് മാർച്ച് നടത്തും. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം നടത്താനാണ് തീരുമാനം. സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ കർഷകരും അണിചേരും. തുടര്‍ന്ന് രാഷ്‌ട്രപതിക്ക് നിവേദനം കൈമാറും.
രാജ്യവ്യാപക പ്രതിഷേധത്തിൽ അണിചേരാൻ തൊഴിലാളികളോട് സിഐടിയു ആഹ്വാനംചെയ്‌തു. എസ്‌എഫ്‌ഐ, സിജെപി ഉൾപ്പെടെ സംഘടനകളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. രാജ്യമാകെ ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും ദേശീയ പതാക കെെയിൽ ഉയർത്തി പ്രതിഷേധിക്കാനും തെരുവുകൾ ജന്തർമന്തറാക്കി മാറ്റാനും ആഹ്വാനമുണ്ട്.
വോട്ടവകാശം സംരക്ഷിക്കുക, എസ്‌ഐആർ റദ്ദാക്കുക, ജന്തർമന്തറിലെ പ്രതിഷേധ വിലക്ക് നീക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. ഇരുന്നൂറിലേറെ രാഷ്‌ട്രീയ–സാമൂഹ്യ–പൗരാവകാശ സംഘടനകളുടെ കൂട്ടായ്‌മയാണ് ‘പീപ്പിൾ എഗെൻസ്റ്റ് എസ്‌ഐആർ.’. ഇടതുപക്ഷ പാർടികളും സംഘടനകളും കൂട്ടായ്‌മയിൽ സജീവം.
വിദ്യാർഥികളുടെ ലോക്‌ഭവൻ മാർച്ച് ഇന്ന്
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ലോക്‌ഭവനിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പാളയം എൽഎംഎസിനുമുന്നിൽനിന്ന് പകൽ രണ്ടിന് മാർച്ച് ആരംഭിക്കും.








0 comments