ഒമാനിൽ മിന്നൽ പ്രളയം; 2 മലയാളികൾ മരിച്ചു

മസ്‌കത്ത്: ഒമാൻ ബർക്കയിൽ ശനിയാഴ്‌ചയുണ്ടായ കനത്ത മഴയിലും മലവെള്ള പാച്ചിലിലും പാലക്കാട് സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. കൂറ്റനാട് പട്ടിത്തറ കോട്ടോപ്പാടം മാളിയേക്കൽ ലുബ്ഷാദിന്റെ ഭാര്യ ഷംല (32), സൗത്ത് തൃത്താല തച്ചറത്തൊടിയിൽ ഫഹദ് (യൂസഫ്–37) എന്നിവരാണ് മരിച്ചത്. ഷംല, ഭർത്താവ് ലുബ്‍ഷാദ്, മക്കളായ ഫാദുലി, ഫെബ ഇവരുടെ കുടുംബസുഹൃത്തായ ഫഹദ്, ഭാര്യ ഫർസു, ഉമ്മ റംലത്ത്, മക്കളായ ഹാനി, നാസി എന്നിവർ ഒരുമിച്ച് വാഹനത്തിൽ സഞ്ചരിക്കവേയാണ് മിന്നൽപ്രളയം ഉണ്ടായത്. നാലുകുട്ടികളും ലുബ്ഷാദും ഫർസുവും രക്ഷപ്പെട്ടു. ഫഹദിന്റെയും ഷംലയുടെയും മൃതദേഹം കിട്ടിയെങ്കിലും റംലത്തിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയെ തുടർന്ന് വാദികളിലും താഴ്‌ന്നപ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് സംഭവം. ശക്തമായ ഒഴുക്ക് മറികടന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ, വാഹനം വെള്ളത്തിൽ ഭാഗികമായി മുങ്ങിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവയുടെ മകനായ ലുബ്ഷാദും ഫഹദും ഒമാനിൽ ബിസിനസുകാരാണ്. ഇരുവരും കുടുംബത്തോടൊപ്പം അവിടെയാണ് താമസം. കുമ്പിടി താഴത്തേത്തിൽ അബൂബക്കറിന്റെ മകളാണ് ഷംല. ഫഹദിന്റെ ബാപ്പ: മുഹമ്മദ്കുട്ടി. സഹോദരി: സീന.
അസ്ഥിര കാലാവസ്ഥ തുടരും
രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഒമാന്റെ വ്യോമയാന അതോറിറ്റി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നൽ, ശക്തമായ കാറ്റ്, കൂടുതൽ വെള്ളപ്പൊക്ക സാധ്യത എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. വെള്ളപ്പൊക്കമുള്ള വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ജലനിരപ്പ് വേഗത്തിൽ ഉയരുമെന്നും അത് അപകടമുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മുന്നറിയിപ്പുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.










0 comments