റെസിഡൻസി പെർമിറ്റുണ്ടെങ്കിലും നാടുകടത്തും; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ പുതുക്കിയ താമസനിയമത്തിലെ ആർട്ടിക്കിൾ 38 പ്രകാരമുള്ള നാടുകടത്തൽ വ്യവസ്ഥകൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം. നിലവിലെ നിയമപ്രകാരം റെസിഡൻസി പെർമിറ്റ് ഉണ്ടായാലും നിർദിഷ്‌ട സാഹചര്യങ്ങളിൽ പ്രവാസികളെ നാടുകടത്തിയേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമാനുസൃത വരുമാനസ്രോതസ്സ് ഇല്ലാത്തവർ, മാനവശേഷി അതോറിറ്റി അംഗീകരിച്ച സ്‌പോൺസറല്ലാത്ത മറ്റൊരു തൊഴിലുടമയ്ക്കുവേണ്ടി ജോലി ചെയ്യുന്നവർ എന്നിവരെ നേരിട്ട് താമസനിയമലംഘകരായി കണക്കാക്കും. അനുമതിയില്ലാതെ ഏതുതരം തൊഴിലും ചെയ്യുന്നത് ഉൾപ്പെടെ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും ഗുരുതര നിയമലംഘനങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.
പൊതുതാൽപര്യത്തിനോ പൊതുസുരക്ഷയ്ക്കോ പൊതുധാർമികതയ്ക്കോ ഭീഷണി ഉണ്ടാകുന്നതായി വിലയിരുത്തുന്ന സാഹചര്യങ്ങളിൽ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്നുണ്ട്. കൂടാതെ, അഞ്ച് വർഷത്തിനുള്ളിൽ ഒന്നിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾക്കും നിർബന്ധമായും നാടുകടത്തൽ നടപടികൾ ബാധകമാകും. നാടുകടത്തൽ നടപടികൾ ബയോമെട്രിക് രേഖപ്പെടുത്തൽ പൂർത്തിയായതിനു ശേഷമാണ് നടപ്പാക്കുക. ഒരിക്കൽ നാടുകടത്തിയാൽ പിന്നീട് കുവൈത്തിലേക്ക് തിരിച്ചുവരാനുള്ള അവകാശം പൂർണമായും നഷ്‌ടമാകുമെന്ന് ചട്ടങ്ങൾ വ്യക്തമാക്കുന്നു. പുതിയ നിയമാവലികൾ കർശനമായി പ്രാബല്യത്തിൽ വരുന്നതിനാൽ താമസ തൊഴിൽ ചട്ടങ്ങൾ കൃത്യമായും ഉത്തരവാദിത്വത്തോടെയും പാലിക്കണമെന്ന് പ്രവാസികൾക്ക് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി.










0 comments