കുവൈത്തിലെ ആദ്യ 15 വർഷ ഗോൾഡൻ വിസ യൂസഫലിക്ക്

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് എം എ യൂസഫലിക്ക് ഗോൾഡൻ റെസിഡൻസി കൈമാറുന്നു
കുവൈത്ത് സിറ്റി : ദീർഘകാലത്തേക്ക് താമസാനുമതി നൽകുന്ന പദ്ധതിയുടെ ഭാഗമായി 15 വർഷം കാലാവധിയുള്ള ഗോൾഡൻ വിസയുമായി കുവൈത്ത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗോൾഡൻ റെസിഡൻസി ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലിക്ക് ലഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് യൂസഫലിക്ക് വിസ സമ്മാനിച്ചു. സപ്പോർട്ടിങ് സെക്യൂരിറ്റി സർവീസസ് ആക്‌ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൂമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കുവൈത്തിന്റെ താമസാനുമതി സംവിധാനം കൂടുതൽ ആധുനികവും നിക്ഷേപ സൗഹൃദവുമാക്കാനുള്ള സുപ്രധാന ചുവടുവയപ്പാണ് ഗോൾഡൻ റെസിഡൻസി പദ്ധതിയെന്ന് ഷെയ്ഖ് ഫഹദ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളും മൂലധനവും ആകർഷിച്ച് രാജ്യത്തെ പ്രധാന നിക്ഷേപ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഡയറക-്‌ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങളും മികച്ച അന്താരാഷ-്‌ട്ര മാതൃകകളും അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ നിയമ-ചട്ടങ്ങൾ കർശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡൻ റെസിഡൻസി പദ്ധതി നിക്ഷേപ മേഖലയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും സുരക്ഷിതവും സ്ഥിരതയാർന്നതുമായ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തിക-വികസന ആവശ്യങ്ങൾക്കനുസരിച്ച് നിയമങ്ങളും നടപടിക്രമങ്ങളും തുടർച്ചയായി നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments