Deshabhimani

ഡ്രോൺ ഉപയോഗം: നടപടി കടുപ്പിച്ച്‌ കുവൈത്ത്‌; 3 വർഷം തടവും 5000 ദിനാർ പിഴയും

drone oman
വെബ് ഡെസ്ക്

Published on Sep 17, 2026, 04:47 PM | 1 min read

കുവൈത്ത് സിറ്റി : ഡ്രോണുകൾ, ചെറുകിട കായികവിമാനങ്ങൾ, വ്യോമകായിക വിനോദങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പാക്കുന്നതായി കുവൈത്ത്. ഗുരുതര നിയമലംഘനങ്ങൾക്ക് മൂന്നുവർഷംവരെ തടവും 5000 ദിനാർവരെ പിഴയും ശിക്ഷയായി ലഭിക്കും. ​ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും വ്യോമയാന ഡയറക-്‌ടറേറ്റ് ജനറലിന്റെ രജിസ്ട്രേഷൻ, ലൈസൻസ്, പെർമിറ്റ് എന്നിവയും ലഭിക്കാതെ ഡ്രോണുകൾ പറത്താൻ പാടില്ല. ഉടമകൾ ഡ്രോൺ രജിസ്റ്റർ ചെയ-്‌ത്‌ പറക്കൽ യോഗ്യതാ സർട്ടിഫിക്കറ്റും നേടണം. രജിസ്ട്രേഷൻ വിവരങ്ങളിലെ മാറ്റങ്ങൾ ഏഴ് പ്രവൃത്തിദിവസത്തിനകം അധികൃതരെ അറിയിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.


​ഡ്രോണുകളുടെ ഇറക്കുമതി, നിർമാണം, കൂട്ടിച്ചേർക്കൽ, പ്രോഗ്രാമിങ്, രൂപമാറ്റം, വാണിജ്യവിൽപ്പന എന്നിവയ്‌ക്കും ബന്ധപ്പെട്ട അധികൃതരുടെ അനുമതി നിർബന്ധമാണ്. ഡ്രോൺ പ്രവർത്തിപ്പിക്കുന്ന പൈലറ്റും സഹായികളും ആവശ്യമായ ലൈസൻസ് നേടിയിരിക്കണം. വിമാനത്താവളങ്ങളുടെ പരിധിയിലും നിരോധിത, നിയന്ത്രിത മേഖലകൾക്ക് മുകളിലും ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. പ്രത്യേക അനുമതിയില്ലാതെ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രോൺ പറത്താൻ പാടില്ല. വ്യക്തികൾ, സ്വകാര്യസ്വത്തുക്കൾ, നിർദിഷ-്‌ട പൊതുസ്ഥാപനങ്ങൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിനും നിയന്ത്രണമുണ്ട്.


​ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ആറുമാസംവരെ തടവും 300 മുതൽ 700 ദിനാർവരെ പിഴയും ലഭിക്കും. കൂടുതൽ ഗുരുതരമായ ലംഘനങ്ങൾക്ക് രണ്ടുവർഷംവരെ തടവും 1000 മുതൽ 2000 ദിനാർവരെ പിഴയും ചുമത്തും. അതീവ ഗുരുതര കേസുകളിൽ മൂന്നുവർഷംവരെ തടവും 3000 മുതൽ 5000 ദിനാർവരെ പിഴയും ലഭിക്കും.


​നിയമലംഘനം ആവർത്തിക്കുകയോ അപകടത്തിന് കാരണമാകുകയോ ചെയ-്‌താൽ ശിക്ഷ ഇരട്ടിയാക്കാം. ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഡ്രോണുകൾ കണ്ടുകെട്ടാനും കോടതിക്ക് അധികാരമുണ്ട്. രാജ്യസുരക്ഷയ-്‌ക്ക്‌ ഭീഷണിയാകുന്ന ഡ്രോണുകളുടെ സിഗ്നൽ തടയാനും പ്രവർത്തനരഹിതമാക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ആവശ്യമെങ്കിൽ വെടിവച്ചിടാനും അധികൃതർക്ക് അധികാരമുണ്ട്‌. ​നിലവിലുള്ള ഡ്രോൺ ഉടമകൾക്ക് രേഖകളും അനുമതികളും നിയമവിധേയമാക്കാൻ ഒരുവർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമത്തിന്റെ നിർവഹണച്ചട്ടങ്ങൾ 2026 ഡിസംബർ 31നകം പുറത്തിറക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home