ad
Deshabhimani

വിദേശനാണയ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം: നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്‌

cash
വെബ് ഡെസ്ക്

Published on Apr 02, 2025, 04:14 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശനാണയ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കൂടുതൽ കർശനമായി നിയന്ത്രിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് തൽക്ഷണ പ്രവർത്തന നിരോധനം ഉണ്ടാകുമെന്ന്‌ അധികൃതർ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ നയങ്ങൾ പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി.


2024 ജൂൺ 11-ന് പുറത്തിറക്കിയ കാബിനറ്റ് പ്രമേയം (നമ്പർ 552) പ്രകാരം, വിദേശനാണയ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും കുവൈത്ത് സെൻട്രൽ ബാങ്കിലേക്ക് മാറ്റിയിരുന്നു. ഇതോടെ, എല്ലാ സ്ഥാപനങ്ങളും സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ അധികാര പരിധിയിൽനിന്ന്‌ മാറ്റിയതോടെ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കൂടുതൽ കർശനമായി നിരീക്ഷിക്കും.


2024-ലെ മന്ത്രാലയ ഉത്തരവ് (233) പ്രകാരം, എക്സ്ചേഞ്ചുകൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറിക്കിയിരുന്നു. എന്നാൽ, 2025 മാർച്ച് 31 വരെ പുതിയ നിർദേശങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് സമയം നൽകിയിരുന്നു. ഈ സമയപരിധി കഴിഞ്ഞതോടെയാണ്‌ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങുന്നത്‌. അനധികൃത പണമിടപാട് തടയുന്നതിനായി എല്ലാ ഇടപാടുകളും രേഖപ്പെടുത്തണം. സാമ്പത്തിക നിയമങ്ങൾ കർശനമായി പാലിക്കണം. ദേശീയവും അന്തർ ദേശീയവുമായ സാമ്പത്തിക നിയമങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ല. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കണം. സെൻട്രൽ ബാങ്ക് നിർദേശിച്ച പണം കൈമാറ്റ സുരക്ഷാ നടപടികൾ സ്വീകരിക്കണം. ധനകാര്യ റിപ്പോർട്ടിങ്‌ കർശനമാക്കണം എന്നിവയാണ്‌ പ്രധാന നിർദേശങ്ങൾ.


അക്കൗണ്ടിങ്‌, ഓഡിറ്റിങ്‌ എന്നിവ അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങൾക്കനുസൃതമായി വേണമെന്നും ഉപഭോക്തൃ വിവര ശേഖരണം ശക്തമാക്കണമെന്നും അധികൃതർ പറഞ്ഞു. എല്ലാ ഇടപാടുകളുടെയും തൊഴിൽ-വരുമാന ഉറവിട പരിശോധന നിർബന്ധമാക്കാനും ധാരണയുണ്ട്‌. പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്ന എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകരുതലില്ലാതെ പ്രവർത്തനം തൽക്ഷണം നിർത്തിവയ്ക്കുംമെന്നും ലൈസൻസ് റദ്ദാക്കൽ, പിഴ ചുമത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home