Deshabhimani

പ്രവാസികളുടെ ബാങ്ക് വായ്പ; നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്‌

kuwaith flag
വെബ് ഡെസ്ക്

Published on Sep 17, 2026, 03:17 PM | 1 min read

കുവൈത്ത് സിറ്റി : പ്രവാസികൾക്ക് ബാങ്ക് വായ്പ അനുവദിക്കുന്നതിൽ നിയന്ത്രണം കടുപ്പിക്കാൻ കുവൈത്തിലെ പ്രാദേശിക ബാങ്കുകൾ. അപേക്ഷകന്റെ തൊഴിൽ സ്ഥിരതയും തിരിച്ചടവുശേഷിയും കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും ഇനി വായ്പ അനുവദിക്കുക. സ്വദേശിവൽക്കരണത്തിന് വിധേയമാകുന്ന സർക്കാർ തസ്തികകളിലെ അധ്യാപകർ, സഹകരണ സംഘങ്ങളിലെയും പൊതുപ്രയോജന സ്ഥാപനങ്ങളിലെയും ജീവനക്കാർ, പുതുതായി ജോലിയിൽ പ്രവേശിച്ചവർ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ തുടങ്ങിയവരുടെ വായ്പാ അപേക്ഷകളിലാണ് കൂടുതൽ ജാഗ്രത. സ്വകാര്യ മേഖലയിലെ തൊഴിൽസ്ഥിരത കുറഞ്ഞ വിഭാഗങ്ങളും കൂടുതൽ പരിശോധനയ്ക്ക്‌ വിധേയരാകും. ഭാവിയിൽ ജോലി നഷ്‌ടപ്പെടാനുള്ള സാധ്യത തിരിച്ചടവിനെ ബാധിക്കുമോ എന്നതും ബാങ്കുകൾ പ്രത്യേകം വിലയിരുത്തും. തൊഴിൽ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്വദേശിവൽക്കരണ നടപടികളും പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതും വർധിക്കുന്ന സാഹചര്യത്തിലാണ്‌ നടപടി.


​അതേസമയം, പ്രവാസികൾക്കുള്ള വായ്പ പൂർണമായി നിയന്ത്രിക്കുന്ന സമീപനമല്ല ബാങ്കുകൾ സ്വീകരിക്കുന്നത്. സ്ഥിരതയുള്ള ജോലി, ദീർഘകാല സേവന പാരമ്പര്യം, മികച്ച തിരിച്ചടവ് ചരിത്രം, ഉയർന്ന ശമ്പളം, മതിയായ സേവനാനന്തര ആനുകൂല്യങ്ങൾ എന്നിവയുള്ള പ്രവാസികൾക്ക് വായ്‌പ നൽകുന്നതിൽ അനുകൂല സമീപനം തുടരും. ​ഡോക്ടർമാർ, എൻജിനിയർമാർ, ആരോഗ്യ മേഖലാ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ, എഐ, ഐടി മേഖലകളിലെ ജീവനക്കാർ, തൊഴിൽ സുരക്ഷ കൂടുതലുള്ള മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ ബാങ്കുകൾ മുൻഗണന നൽകുന്ന വിഭാഗങ്ങളിൽപ്പെടുന്നു.


നിലവിലെ വ്യവസ്ഥകൾക്ക് വിധേയമായി യോഗ്യരായ സ്വദേശികൾക്കും പ്രവാസികൾക്കും ഉപഭോക്തൃ വായ്‌പയും ഭവന വായ്‌പയും ചേർത്ത് പരമാവധി 95,000 ദിനാർവരെ ധനസഹായം ലഭിക്കാം. പ്രതിമാസം ഏകദേശം 1100 ദിനാർ തിരിച്ചടവ് വരുന്ന വായ്പയ്ക്ക്‌ ഏകദേശം 2750 ദിനാർ ശമ്പളം ആവശ്യമായി വരും. ബാങ്കുകളുടെ വായ്പാ നിബന്ധനകൾക്കും ബന്ധപ്പെട്ട നിയന്ത്രണ വ്യവസ്ഥകൾക്കും വിധേയമായിരിക്കും അന്തിമ അനുമതി. തൊഴിൽനഷ-്‌ടത്തെ തുടർന്ന് വായ്‌പ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയ-്‌ക്കുകയാണ് നിയന്ത്രണം കടുപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home