വായ്‌പ തിരിച്ചടവ് മുടങ്ങി നാട്ടിലേക്ക് മടങ്ങൽ; പ്രവാസികളെ കണ്ടെത്താൻ നടപടികളുമായി കുവൈത്ത്

കുവൈത്ത് സിറ്റി : ബാങ്കുകളിൽനിന്ന് വായ്‌പയെടുത്തശേഷം നാട്ടിലേക്ക് മടങ്ങി ദീർഘകാലം തിരിച്ചടവ് മുടക്കുന്ന പ്രവാസികളെ കണ്ടെത്താൻ നടപടികളുമായി കുവൈത്ത്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുവൈത്ത് സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ ആരംഭിച്ചതായി പ്രദേശിക അറബ് മാധ്യമം റിപ്പോർട്ട് ചെയ്തു. തിരിച്ചടവ് മുടക്കിയവരുടെ വിവരങ്ങൾ ബാങ്കുകൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതിനെ തുടർന്ന്, രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമാക്കി.
തിരിച്ചടവ് ദീർഘകാലം മുടങ്ങുന്ന കേസുകളിൽ ബാങ്കുകൾ ക്രിമിനൽ പരാതികൾ ഫയൽ ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കും. ഇത്തരക്കാർ വീണ്ടും കുവൈത്തിലേക്കുള്ള പ്രവേശനത്തിനായി വിമാനത്താവളത്തിലെത്തുമ്പോൾ പാസ്‌പോർട്ട് സ്കാനിങ് സമയത്തുതന്നെ സുരക്ഷാ സിസ്റ്റം ഇവരെ തിരിച്ചറിയും. തുടർന്ന് യാത്രക്കാരനെ അതിർത്തി കവാടത്തിൽനിന്ന് കസ്റ്റഡിയിലെടുക്കും.
രാജ്യത്തിനുള്ളിൽ തുടരുന്നവരും തിരിച്ചടവ് തുടർച്ചയായി മുടക്കുകയാണെങ്കിൽ വിവിധ സുരക്ഷാ പരിശോധനകളിൽ പിടിയിലാകാനുള്ള സാധ്യത കൂടുതലാണ്. പട്രോൾ വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പുതുക്കിയ ഡിജിറ്റൽ സംവിധാനത്തിൽ ഐഡി പരിശോധന നടത്തുന്ന നിമിഷംതന്നെ വ്യക്തിക്കെതിരെയുള്ള കേസുകൾ, അറസ്റ്റ് വാറന്റുകൾ, കടബാധ്യതകൾ തുടങ്ങിയ എല്ലാ വിവരങ്ങളും തത്സമയം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വായ്‌പാ തിരിച്ചടവ് മുടക്കുന്നത് ഇനി സിവിൽ പ്രശ്നമെന്ന നിലയിൽ മാത്രം പരിഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ക്രിമിനൽ വിഷയമായി കണക്കാക്കുന്ന ഇത്തരം ലംഘനങ്ങൾ യാത്രാ സ്വാതന്ത്ര്യത്തെയും റെസിഡൻസി പുതുക്കലിനെയും വീണ്ടും കുവൈത്തിലേക്കുള്ള പ്രവേശന പരിപാടികളെയും നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾക്കിടയാക്കും. സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കുകയും വായ്പാപണം കാര്യക്ഷമമായി വീണ്ടെടുക്കുകയും ചെയ്യുന്നതിനാണ് ബാങ്കുകളും സുരക്ഷാ ഏജൻസികളും ചേർന്ന് നടപടി ശക്തമാക്കുന്നത്.
ബാങ്ക് വായ്പയെടുത്തശേഷം നാട്ടിലേക്ക് മടങ്ങി താമസിച്ചാൽ പ്രശ്നങ്ങളിൽനിന്ന് ഒഴിവാകാമെന്ന പഴയ ധാരണയ്ക്ക് ഇനി യാതൊരു നിലനിൽപ്പുമില്ലെന്ന് പുതിയ നടപടി വ്യക്തമാക്കുന്നു. തിരിച്ചടവ് മുടങ്ങിയ നിലയിൽ കുവൈത്തിലേക്ക് മടങ്ങിയെത്തുന്നത് വിമാനത്താവളത്തിലേക്കുള്ള ആദ്യ നിമിഷത്തോടൊപ്പംതന്നെ നിയമപരമായ തടസ്സങ്ങൾക്കും അറസ്റ്റ് നടപടികൾക്കും വഴിവയ്ക്കുമെന്നതാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ, വായ്പാബാധ്യതയുള്ള പ്രവാസികൾ നിയമപരമായ നടപടികളിൽ ഉയർന്ന ജാഗ്രത പാലിക്കുകയും ആവശ്യമായ തിരിച്ചടവ് ക്രമീകരണങ്ങൾ സമയബന്ധിതമായി ഉറപ്പാക്കുകയും ചെയ്യുന്നത് നിർബന്ധമാണ്.










0 comments