ad
Deshabhimani

വിദേശ നിക്ഷേപകർക്ക്‌ ദീർഘകാല റെസിഡൻസിയുമായി കുവൈത്ത്‌; 15 വർഷംവരെ കാലാവധി

kuwait
വെബ് ഡെസ്ക്

Published on Jun 15, 2026, 11:09 AM | 2 min read

കുവൈത്ത് സിറ്റി : അർഹരായ വിദേശനിക്ഷേപകർക്കും ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥർക്കും 15 വർഷംവരെ കാലാവധിയുള്ള പ്രത്യേക റെസിഡൻസി അനുവദിക്കാൻ കുവൈത്ത് മന്ത്രിസഭ. തീരുമാനം ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേയിൽ പ്രസിദ്ധീകരിച്ചു. വിദേശ നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.


​2013-ലെ നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെ പരിധിയിൽ വരുന്ന നിക്ഷേപകർക്കാണ് ആനുകൂല്യം. ഡയറക്‌ട്‌ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ (ഡിപ) ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റാണ്‌ റെസിഡൻസി അനുവദിക്കുക. ​നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകൾ, പങ്കാളികൾ, മാനേജർമാർ, അതോറിറ്റി അംഗീകരിച്ച സീനിയർ മാനേജ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അപേക്ഷിക്കുന്ന സ്ഥാപനം ഡിപ നൽകുന്ന സാധുവായ നിക്ഷേപ ലൈസൻസ് കൈവശംവച്ചിരിക്കണം. നിക്ഷേപകനോ ഉദ്യോഗസ്ഥനോ മാനവശേഷി അതോറിറ്റിയുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും നിബന്ധനകൾ അനുസരിച്ച് സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്‌തിരിക്കണം. സാധുവായ പാസ്‌പോർട്ടും ക്രിമിനൽ റെക്കോഡ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.


​പദ്ധതിക്ക് അർഹത നേടാൻ സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്തി ദിനാർ നിക്ഷേപ മൂല്യവും 10 ലക്ഷം ദിനാർ മൂലധനവും ഉണ്ടായിരിക്കണം. മൂലധനം കുവൈത്തിൽ നിക്ഷേപിച്ചതിന്റെ തെളിവ് ഹാജരാക്കണം. രാജ്യത്ത് യഥാർഥ ബിസിനസ് പ്രവർത്തനം നിലനിർത്തുകയുംവേണം. കൂടാതെ, സ്വദേശി തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട അതോറിറ്റിയുടെ നിർദേശങ്ങളും പാലിക്കണം. ​ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം അപേക്ഷ പരിഗണിച്ച് തീരുമാനം കൈക്കൊള്ളും. റെസിഡൻസി പുതുക്കാനും അവസരമുണ്ട്. താമസ നിയമലംഘനം, അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലെ അന്തിമശിക്ഷ, വ്യാജരേഖകളോ തെറ്റായ വിവരങ്ങളോ സമർപ്പിക്കൽ, നിക്ഷേപ പ്രവർത്തനങ്ങൾ യഥാർഥമായി നടത്താതിരിക്കൽ, ഒരു വർഷത്തിലധികം പ്രവർത്തനം നിർത്തിവയ്ക്കൽ, ലൈസൻസ് റദ്ദാക്കൽ, ലിക്വിഡേഷൻ/രജിസ്ട്രേഷനിനിന്ന് നീക്കംചെയ്യൽ തുടങ്ങിയ സാഹചര്യങ്ങളിൽ റെസിഡൻസി കാലാവധി പൂർത്തിയാകുംമുമ്പ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.


​റെസിഡൻസി കാലാവധി അവസാനിക്കുന്നവർക്ക് കാര്യങ്ങൾ ക്രമീകരിക്കാനായി 90 ദിവസംവരെ കുവൈത്തിൽ തുടരാനാകും. ഇത് പരമാവധി 180 ദിവസംവരെ നീട്ടാനും സാധിക്കും. ​രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും കുവൈത്തിനെ പ്രാദേശിക നിക്ഷേപ-വ്യാപാര കേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് പുതിയ ദീർഘകാല റെസിഡൻസി പദ്ധതി നടപ്പാക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home