കവർസ്റ്റോറി
കളിക്കളത്തിൽ വിരിയുന്ന പാട്ടും കവിതയും

എ വി സന്തോഷ് കുമാർ
Published on Jun 15, 2026, 12:21 PM | 8 min read
കളിക്കളത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല ഫുട്ബോളിന്റെ ചൂരും ചൂടും. പ്രാചീനകാലത്ത് ഗോത്രവർഗക്കാർ ശത്രുവിന്റെ തലയറുത്ത് അത് തട്ടിക്കളിക്കുന്നതായിരുന്നത്രെ ഫുട്‌ബോളിന്റെ ആദിരൂപം. ഇതിന് തെളിവിന്റെ പിൻബലമില്ല. പ്രാചീന ചൈനയിലെ (ഹാൻ രാജവംശകാലത്ത്) ‘കുകു' (kickball) എന്ന കളി സൈനിക പരിശീലനത്തിനായി ആരംഭിക്കുകയും പിന്നീട് കളിരൂപം പ്രാപിക്കുകയും ചെയ്‌തു എന്ന വിശ്വാസം പ്രബലമാണ്. ഇതിനെ ഫിഫ ഫുട്ബോളിന്റെ മുൻഗാമിയായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഫുട്ബോൾ മാഹാത്മ്യം ഒരു പന്തിനും രണ്ട് പോസ്റ്റുകൾക്കും ഇടയിൽ ഒതുങ്ങുന്നില്ല. ജനങ്ങളുടെ ആത്മാവിൽ ഇടം നേടിയ സംസ്‌കാരമാണത്. സ്റ്റേഡിയത്തിലോ നാടൻ മൈതാനിയിലോ നാട്ടുപറമ്പിലോ കളിക്കുന്നതെവിടെയായായാലും - അതിനൊപ്പം പാട്ടും കവിതയും മുദ്രാവാക്യവും ഓർമയും കണ്ണീരും സ്വപ്‌നവും സഞ്ചരിക്കുന്നു. മനുഷ്യൻ ഇടപെടുന്ന സകല മേഖലകളിലും അത് അനുവാദം ചോദിക്കാതെ കടന്നുവരുന്നു.
കേരളത്തിലെ ലോകകപ്പ് ആവേശം
ഫുട്ബോൾ വിഷയമാകുന്ന ഗാനങ്ങളും കവിതകളും കാലങ്ങളോളം നമുക്കൊപ്പമുണ്ട്. അവ കേവലം ഒരു കായികാനുഭവത്തിന്റെ രേഖകൾ മാത്രമല്ല, മനുഷ്യസമൂഹത്തിന്റെ ഉള്ളറകളെ തൊട്ടുപോകുന്ന കലാസാക്ഷ്യങ്ങളാണ്. അവ ജനതതിയെ ആഴത്തിൽ സ്വാധീനിക്കുന്ന, പിടിച്ചുലയ്‌ക്കുന്ന ജനകീയ ഗാനങ്ങളാണ്. ഫുട്ബോൾ എന്തുകൊണ്ട് ഒരു ലോകഭാഷയായി മാറിയെന്നതിന് തെളിവാണ് സ്റ്റേഡിയങ്ങളിലെ ആരവങ്ങളിലേക്കും കവിതകളിലേക്കും പാട്ടുകളിലേക്കും ബാല്യസ്മൃതികളിലേക്കും നീളുന്ന അതിന്റെ സാഹിത്യ-സംഗീത പാരമ്പര്യം.
ഷാക്കിറയുടെ(1 ) ‘Waka Waka’ (This Time for Africa), റിക്കി മാർട്ടിന്റെ(2) ‘La Copa de la Vida’, പിറ്റ്ബുൾ(3), ജെന്നിഫർ ലോപ്പസ്, ക്ലോഡിയ ലെയ്റ്റെ എന്നിവർ ചേർന്ന് ആലപിച്ച ‘We Are One’ (Ole Ola) ‘You’ll Never Walk Alone (4), Three Lions(5) എന്ന ഗാനത്തിലെ ‘Football’s coming home’, 1990 ലോകകപ്പിന്റെ അമരഗാനം ‘Un’estate Italiana’(6), ടെഡ് ഹ്യൂസിന്റെ ‘Football at Slack’, ജോൺ ബെറിമാന്റെ ‘The Ball Poem’ എന്നിവയൊക്കെ സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഫുട്ബോളിന്റെ ഭാഷയും സംഗീതവും കവിതയുമൊക്കെ എത്ര വിപുലവും അഗാധവുമാണെന്ന് നാമറിയുന്നത്. ഇവയൊക്കെയും മലപ്പുറത്തെയും കൊച്ചിയിലെയും കാസർകോട്ടെയും മൈതാനങ്ങളിൽ നാട്ടുമണ്ണും പൊടിപടലങ്ങളും അലിഞ്ഞുചേർന്ന ആരവങ്ങളോടൊപ്പം വാനിലേക്കുയരുന്നത് ചേർത്തുനോക്കുമ്പോൾ ഇതിന് കൂടുതൽ അർഥവും തിളക്കവും ലഭിക്കുന്നു.
ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗികഗാനങ്ങൾ അതത് കാലഘട്ടത്തിന്റെ ആഗോള മനോഭാവത്തെ അടയാളപ്പെടുത്തുന്നുണ്ട്.
1998ലെ ഫ്രാൻസ് ലോകകപ്പിനായി റിക്കി മാർട്ടിൻ ആലപിച്ച ‘La Copa de la Vida’ എന്ന ഗാനം ഏറ്റവും ജനകീയവും ഊർജസ്വലവുമായ ഗാനങ്ങളിലൊന്നാണ്. ‘Go, go, go! Ale, ale, ale!’ എന്ന വരികൾ അക്കാലത്ത് ലോകഫുട്ബോൾ ആരാധകർക്കിടയിൽ ആവേശം നിറച്ച മുദ്രാവാക്യമായി മാറി. അതിന്റെ ആവേശം സ്റ്റേഡിയങ്ങളിൽ മാത്രമല്ല തെരുവുകളിലും വഴിയോരങ്ങളിലും നാട്ടുമൂലകളിലും ചെറുഗ്രാമങ്ങളിലുമൊക്കെ ഒഴുകിപ്പരന്നു. ഈ ഗാനത്തിൽ മത്സരത്തെ ജീവിതസമരത്തിനൊപ്പമിരുത്തുന്ന ഒരു ഗതിമാറ്റം കാണാം. വിജയം നേടാൻ സർവം മറന്നുമുന്നേറാൻ വെമ്പൽ കൊള്ളുന്ന മനുഷ്യന്റെ തൃഷ്‌ണയുടെ തീക്ഷ്ണതയെ സംഗീതമാക്കുന്നതാണ് അതിന്റെ കരുത്ത്. ലാറ്റിൻ സംഗീതത്തിന്റെ ചൂടും നൃത്തതാളവുമുള്ള ഈ ഗാനം ഫുട്ബോൾ ഒരു വിനോദമായി മാത്രം കാണാതെ ഓരോ കാണിയുടെയും ശരീരവും മനസ്സും അതിന്റെ മാസ്മരികതയിൽ ലയിപ്പിച്ച് ചേർക്കുന്നതാണ്. 2010ൽ ദക്ഷിണാഫ്രിക്ക ആതിഥ്യമരുളിയ ലോകകപ്പിൽ പ്രതീകഗാനമായ ഷാക്കിറയുടെ ‘Waka Waka’ ഫുട്ബോൾ സംഗീതചരിത്രത്തിലെ മറ്റൊരു ഉജ്വല സൃഷ്ടിയാണ്. ‘This time for Africa’ എന്ന വരി ഒരു ഭൂഖണ്ഡത്തിന്റെ ആത്മാഭിമാനഘോഷണമാണ്. ലോകകപ്പ് ആദ്യമായി ആഫ്രിക്കൻ മണ്ണിലെത്തിയപ്പോൾ അത് ഒരു ടൂർണമെന്റിന്റെ കേവലാതിഥ്യം മാത്രമല്ലായിരുന്നു; ആഫ്രിക്കയുടെ സാംസ്‌കാരിക, സംഗീത, ചരിത്ര സാന്നിധ്യത്തെ ലോകം അംഗീകരിച്ച നിമിഷവുമായിരുന്നു. ‘You’re a good soldier, choosing your battles’ എന്ന വരി കളിക്കാരനെ മാത്രമല്ല, പ്രതിസന്ധികളെ മറികടന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഒരിക്കലും കീഴടക്കാനാവാത്ത മനുഷ്യന്റെ പോരാട്ടവീര്യത്തെക്കൂടി എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യൻ മനുഷ്യനെ കൊല്ലാത്ത യുദ്ധമല്ലാത്ത -പോരാട്ടത്തിന്റെ പാട്ടാണ്; മനുഷ്യശക്തിയുടെ ആഘോഷമാണ്. ആഫ്രിക്കൻ താളങ്ങളുടെ വൈവിധ്യം, കൂട്ടുപാട്ടിന്റെ ആവർത്തനരസങ്ങൾ എന്നിവയിലൂടെ ഈ ഗാനം ഫുട്ബോളിന്റെ ആഗോളീകരണത്തെ മനോഹരമായി വരച്ചുകാട്ടുന്നു.
റിക്കി മാർട്ടിൻ
2014ലെ ബ്രസീൽ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പിറ്റ്‌ബുൾ, ജെന്നിഫർ ലോപ്പസ്, ക്ലൗഡിയ ലെയ്റ്റി എന്നിവർ ചേർന്ന് ആലപിച്ച ‘We Are One (Ole Ola)’ ദേശീയ അതിരുകൾ കടന്നുള്ള കൂട്ടായ്‌മയുടെ ആശയം ഒരിക്കൽക്കൂടി മുന്നോട്ടുവച്ചു. ബ്രസീലിയൻ സാംബയുടെ താളം, തെരുവുകളുടെ കാർണിവൽ ആവേശം, കാണികളുടെ കൂട്ടായ പങ്കാളിത്തം എല്ലാം ചേർന്ന് ഫുട്ബോൾ വിഭജനങ്ങളെ മറികടക്കുന്ന ഉത്സവമാണെന്ന് ഈ ഗാനം ഓർമിപ്പിച്ചു. ‘We are one’ എന്ന ആശയം ലോകകപ്പിന്റെ ആത്മാവാണ് എന്ന് ഈ ഗാനങ്ങൾ അടിവരയിടുന്നുണ്ട്. പരസ്‌പരം മത്സരിക്കുന്ന രാജ്യങ്ങൾ ശത്രുത മറന്ന് ഒരു വലിയ ആഘോഷത്തിൽ സഹയാത്രികരാകുന്ന നിമിഷമാണ് ലോകകപ്പ്.
ഔദ്യോഗിക ലോകകപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്ന കൂട്ടായ്‌മയുടെ ഊർജവും ഓർമകളുടെ ഓളങ്ങളും വളരെ പ്രബലവും അന്യൂനവുമാണ്. ഒരു തലമുറ ലോകകപ്പുകളെ പലപ്പോഴും കളിക്കാരുടെ പേരുകളാൽ മാത്രമല്ല ആ വർഷം മുഴങ്ങിയ ഫുട്‌ബോൾ ഗാനങ്ങളാലും ഓർമയിൽ സൂക്ഷിക്കുന്നു.
1990ലെ ഇറ്റലി ലോകകപ്പിൽ അലയൊലികൾ തീർത്ത ‘Un’estate Italiana’ പ്രത്യേകമായി പരാമർശിക്കേണ്ട ഗാനമാണ്. ജിയന്ന നന്നിനിയും എഡുവറാഡോ ബെനാറ്റോയും ആലപിച്ച ഈ ഗാനത്തിൽ പതിവിന് വിപരീതമായി വൻ ആർപ്പുവിളികളില്ല. വേറിട്ട മൃദുലതാളത്തിൽ തുടങ്ങി മെല്ലെ മെല്ലെ സിരകളിലും ഹൃദയത്തിലും പടർന്നുകയറുന്ന ക്ലാസിക് സംഗീത ശൈലിയാണിതിന്റെ പ്രത്യേകത. ഒരു തരി കനലിൽനിന്ന് കത്തിജ്വലിക്കുന്ന തീപ്പന്തമായി പടർന്നുകയറുന്ന ഇറ്റാലിയൻ ഫുട്ബോൾ ശൈലിയുടെ സൗന്ദര്യത്തെ ആവാഹിച്ച ഗാനമെന്ന് സഹൃദയലോകം അതിനെ വാഴ്‌ത്തി. സാൽവത്തോറെ സ്‌കിലാച്ചിയും റോബർട്ടോ ബാജിയോയും വാൾട്ടർ സെംഗയുമൊക്കെ അതിനെ കളിക്കളത്തിൽ വരച്ചിട്ടപ്പോൾ ഇറ്റാലിയൻ ഫുട്‌ബോൾ ശൈലി പീലി വിരിച്ചാടുന്ന മയൂരനൃത്തമായി അതുമാറി. ആവേശത്തോടൊപ്പം സ്മരണയും സ്വപ്‌നവും ചേർന്ന ഗാനം.
‘Un’estate Italiana’ വേനൽക്കാല സന്ധ്യയിൽ വിരുന്നെത്തുന്ന കുളിർക്കാറ്റിനെയാണ് ഓർമിപ്പിക്കുന്നത്. കളിക്കാരുടെ പ്രകടനം, വെളിച്ചം നിറഞ്ഞ സ്റ്റേഡിയങ്ങൾ, രാത്രിയിലെ പ്രതീക്ഷകൾ എന്നിവയൊക്കെ ഈ ഗാനത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് പലരും അതിനെ ഏറ്റവും കവിതാസ്വഭാവമുള്ള ലോകകപ്പ് ഗാനമായി ഓർക്കുന്നത്. ഫുട്ബോൾ ഒരു ഉത്സവമെന്നതിലുപരി ഒരു മധുരസ്മൃതിയാണ് എന്ന് ഈ ഗാനം സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റേഡിയം ഗാനങ്ങളിൽ ശ്രദ്ധേയമായ പാട്ടുകളിൽ ഒന്നാണ് ‘You’ll Never Walk Alone.’ സംഗീതനാടകമായ കരൗസലിൽ പ്രത്യക്ഷപ്പെട്ട ഇത് പിന്നീട് ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ മുദ്രാഗാനമായി മാറി.
‘Walk on, walk on, with hope in your heart, and you’ll never walk alone’ എന്ന വരികൾ ഒരു ക്ലബ്ബിന്റെ അതിരുകൾ ഭേദിച്ചുകൊണ്ട് ലോകമെമ്പാടും പരന്നു. തോൽവിയിലോ ദുരന്തത്തിലോ ഏകാന്തതയിലോ പോലും നമുക്കൊപ്പം നടക്കുന്നതിന് ഒരു സമൂഹം കൂടെയുണ്ടെന്ന് ഈ ഗാനം സാക്ഷ്യം നിൽക്കുന്നു. ഹിൽസ്‌ബറോ ദുരന്തം പോലുള്ള സംഭവങ്ങൾക്കുശേഷം ഈ ഗാനം പാടുമ്പോൾ അത് വെറും കളിഗാനം അല്ലാതെ ദുഃഖത്തിന്റെ, ഐക്യത്തിന്റെ, കരുണയുടെ ഒരു പ്രാർഥനയായി മാറി. ഫുട്ബോൾ ആരാധകസംസ്‌കാരത്തിന് ഏറ്റവും മഹത്തായ സംഭാവനകളിലൊന്നായി ഈ ഗാനത്തെ കാണാം. വിജയമോഹത്തിനൊപ്പം മാനവികമായ കൈത്താങ്ങും ഈ ലോകത്തിനുണ്ട് എന്ന് അത് ഓർമിപ്പിക്കുന്നു.
‘Three Lions’ എന്ന ഇംഗ്ലീഷ് ഗാനം ഇതിന്റെ വിപരീതമായൊരു വൈകാരികഭാവം ഉളവാക്കുന്നതാണ്. ‘Football’s coming home’ എന്ന വരി കേവലം ഒരു വിജയപ്രഖ്യാപനമല്ല. അത് സ്വയം വിമർശനവും പ്രതീക്ഷയും ചരിത്രസ്മരണയും ഒക്കെ ചേർന്ന സങ്കീർണമായ ദേശീയവികാരമാണ്. ഇംഗ്ലണ്ട് ഫുട്ബോളിന്റെ ജന്മഭൂമിയാണെന്ന ബോധവും അതേസമയം ലോകകപ്പിലെ നിരന്തര പരാജയങ്ങളുടെ നിരാശയുടെ പശ്ചാത്തലവും ഈ വരിയിലുണ്ട്. അതുകൊണ്ടുതന്നെ ഈ ഗാനം ഒരേസമയം ഉല്ലാസകരവും ഇംഗ്ലീഷുകാരിൽ സ്വത്വാവബോധമുളവാക്കുന്നതുമാണ്. ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ മനഃശാസ്‌ത്രം ഇത്ര കൃത്യമായി പിടിച്ചെടുത്ത മറ്റൊരു ഫുട്ബോൾ ഗാനം വേറെയില്ല. ഈ പാട്ട് കേൾക്കുമ്പോൾ വിജയത്തിലേക്കുള്ള അമിതവിശ്വാസത്തേക്കാൾ പരാജയങ്ങളോട് ചേർന്ന് ജീവിച്ചിട്ടും പ്രതീക്ഷ കൈവിടാത്ത മനസ്സാണ് നമുക്ക് കാണാൻ കഴിയുന്നത്. ഫുട്ബോൾ പല ജനതതികൾക്കും അഭിമാനത്തിന്റെ ഇടമാണെങ്കിൽ ഇംഗ്ലണ്ടിന് അത് ഓർമയുടെ, ആത്മവിമർശനത്തിന്റെ, വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള ആഗ്രഹത്തിന്റെ ഇടമാണ്.
ഗാനങ്ങളെപ്പോലെ കവിതകളും ഫുട്ബോളിനെ വ്യത്യസ്‌ത കോണുകളിൽ നോക്കിക്കാണാൻ ശ്രമിച്ചിട്ടുണ്ട്. ടെഡ് ഹ്യൂസിന്റെ ‘Football at Slack’ അതിൽ പ്രധാനമാണ്. പ്രകൃതിയുടെയും ഗ്രാമീണജീവിതത്തിന്റെയും കവിയാണ് ഹ്യൂസ്. അദ്ദേഹത്തിന്റെ കവിതയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലെ കളിയല്ല, പ്രകൃതിയുടെയും മനുഷ്യശരീരത്തിന്റെയും സംഘനൃത്തമാണ്. ‘Football at Slack’ ൽ കുന്നിൻ താഴ്‌വരയിലോ ഇളം കാറ്റുള്ള തുറസ്സായ പറമ്പിലോ നടക്കുന്ന കളിയുടെ ഗ്രാമീണരൂപം കാണാം. ഇവിടെ ഫുട്ബോൾ നിയമപുസ്‌തകത്തിന് വിധേയമായ കളിയെന്നതിനെക്കാൾ മനുഷ്യശക്തിയുടെ തത്സമയ നാടകമാണ്.
മണ്ണ്, കാറ്റ്, ചരിവ്, ശരീരധ്വനി, ഏറ്റുമുട്ടൽ എന്നിവ ചേർന്ന് കവിതയ്‌ക്ക് ഒരു അഭൗമശക്തി നൽകുന്നു. ഫുട്ബോൾ ഒരു സമൂഹത്തിന്റെ കലാകായിക സൃഷ്ടി എന്നതിലുപരി, മനുഷ്യന്റെ ശരീരത്തിലും സ്മൃതിയിലും നൂറ്റാണ്ടുകളായി ജീവിക്കുന്ന പ്രവണതയാണ് എന്ന് ഹ്യൂസ് സൂചിപ്പിക്കുന്നു.
ഷക്കീറയും സംഘവും ‘വക്ക വക്ക’ ഗാനത്തിന് ചുവടുവയ്‌ക്കുന്നു
ജോൺ ബെറിമാന്റെ ‘The Ball Poem’ ആദ്യവായനയിൽ ഫുട്ബോൾ കവിതയെന്നതിനേക്കാൾ ഒരു കുട്ടിയുടെ നഷ്ടാനുഭവത്തെക്കുറിച്ചുള്ള കവിതയായി അനുഭവപ്പെടാം. ‘What is the boy now, who has lost his ball’ എന്ന തുടക്കവരിയിൽ ബാല്യത്തിന്റെ നഷ്ടസ്‌മൃതിയുണ്ട് . ഒരു പന്ത് നഷ്ടപ്പെടുന്നത് കുട്ടിക്ക് വെറും ഒരു വസ്‌തു നഷ്ടമാകുന്നതല്ല. അവന്റെ ലോകത്തിലെ ഒരു ചെറുഭാഗം തകർന്നുവീഴുന്നതാണ്. ഈ കവിതയെ ഫുട്ബോൾ സംസ്‌കാരത്തോട് ചേർത്തുവായിക്കുമ്പോൾ പന്തിന്റെ ചുറ്റും രൂപപ്പെടുന്ന ആത്മബന്ധം നമുക്ക് മനസ്സിലാകും. പന്ത് ഒരു കളിയുപകരണം മാത്രമല്ല. അത് സൗഹൃദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ബാല്യസങ്കൽപ്പനത്തിന്റെയും കേന്ദ്രമാണ്. ബെറിമാൻ നഷ്ടത്തെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കുന്ന കവിതയാണ് എഴുതുന്നത്. ജീവിതത്തിൽ തിരികെ കിട്ടാത്ത ചില കാര്യങ്ങളുണ്ടെന്നും അവ വഴി നമ്മൾ വളരുന്നതുമാണ് കവിതയുടെ അടിസ്ഥാനം. ഫുട്ബോൾ ലോകത്തിൽ ഒരു തോൽവി, ഒരു നഷ്ടപ്പെട്ട അവസരം, ഒരു തകർന്ന സ്വപ്‌നം ഇവയെല്ലാം ഇതേ വികാരരേഖയിൽ ചേർന്നു നിൽക്കും.
ഫുട്ബോളുമായി ബന്ധപ്പെട്ട കൂടുതൽ ഗാനങ്ങൾ പരിഗണിക്കുമ്പോൾ ഈ സംഗീതലോകം ഇനിയും സമ്പുഷ്ടമാകുന്നു. ന്യൂ ഓർഡർ ബാൻഡിന്റെ ‘World in Motion’ 1990 ലോകകപ്പ് പശ്ചാത്തലത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ സംസ്‌കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഗാനമാണ്. ജോൺ ബേൺസിന്റെ റാപ്പ് ഭാഗം വളരെ ജനപ്രിയമായി. ഇത് ആധുനിക പോപ് സംഗീതവും ഫുട്ബോൾ ആരാധനയും കൈകോർത്തതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്. അതുപോലെ ആആന്ദ്രിയ ബൊച്ചെല്ലിയും സാറാ ബ്രൈറ്റ്മാനും ആലപിച്ച ‘Time to Say Goodbye’ പോലെ ഔദ്യോഗിക ഫുട്ബോൾ ഗാനം അല്ലാത്ത ചില ഗാനങ്ങളും ലോകകകപ്പ് സംപ്രേഷണങ്ങളുടെയും ഓർമകളുടെയും ഭാഗമായി ചേർന്ന് നിൽക്കുന്നുണ്ട്. ക്വീൻ ബാൻഡിന്റെ ‘We Are the Champions’ ഏതെങ്കിലുമൊരു പ്രത്യേക ടൂർണമെന്റിനുവേണ്ടി എഴുതിയതല്ലെങ്കിലും ഫുട്ബോൾ വിജയാഘോഷത്തിന്റെ പാട്ടായി ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ആവേശത്തിന്റെയും വിജയത്തിന്റെയും പൊതുശബ്ദമായി ഇത്തരം ഗാനങ്ങൾ മാറുന്നതിന്റെ ഉദാഹരണമാണത്.
ന്യൂ ഓർഡർ ബാൻഡിലെ അംഗങ്ങൾ
ഇന്ത്യയിൽ ഫുട്ബോൾ ഗാനങ്ങളുടെ നിർമിതിയും വ്യാപനവും അത്ര വ്യാപകമല്ലെങ്കിലും ആരാധകസംസ്‌കാരത്തിന്റെ സൃഷ്ടികൾ വമ്പിച്ചതാണ്. പ്രത്യേകിച്ച് കേരളത്തിൽ ലോകകപ്പ് വന്നാൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിറയുന്ന വൻ കട്ടൗട്ടുകൾ, അർജന്റീന-‐ബ്രസീൽ ആരാധകപ്പറമ്പുകൾ, തെരുവ് ജാഥാ പ്രദക്ഷിണങ്ങൾ, നാട്ടുഗാനശൈലിയിൽ പിറക്കുന്ന അനൗപചാരിക പാട്ടുകൾ എന്നിവയെല്ലാം ഫുട്ബോളിന്റെ ജനകീയതയ്‌ക്ക് ഉദാഹരണങ്ങളാണ്. മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ഫുട്ബോൾ ആവേശം പലപ്പോഴും സാഹിത്യരചനകളേക്കാൾ ശക്തമായ ഒരു വാചികസംസ്‌കാരം സൃഷ്ടിക്കുന്നുണ്ട്. ലോകകപ്പ് കാലത്ത് ചായക്കടകളിലെ സജീവസംഭാഷണങ്ങൾ, മെസിക്കുവേണ്ടിയും റൊണാൾഡോയ്‌ക്കുവേണ്ടിയും ഒരിക്കലും അവസാനിക്കാത്ത തർക്കങ്ങൾ, രാത്രിയൊട്ടാകെ കളി കണ്ട് പിറ്റേന്ന് സ്‌കൂളിലേക്കോ ജോലിക്കോ പോകുന്ന ജനങ്ങളുടെ ക്ഷീണവും ആവേശവും ഉല്ലാസവും ഒക്കെ കലർന്ന ഭാവമിശ്രിതങ്ങൾ... ഇവയെല്ലാം ഫുട്ബോൾ കവിതയുടെ ജീവിച്ചിരിക്കുന്ന രൂപങ്ങളാണ്.
കേരളത്തിന്റെ നാട്ടറിവിൽ ഫുട്ബോൾ ഒരു ജീവിതാനുഭവമായി എഴുതപ്പെട്ട അനേകം ലേഖനങ്ങളും ഓർമക്കുറിപ്പുകളുമുണ്ട്. മഴനനഞ്ഞ സ്‌കൂൾമൈതാനങ്ങളിൽ കുട്ടികൾ ചെരിപ്പില്ലാതെ കളിക്കുന്ന ദൃശ്യം, റബ്ബർ പന്ത് കെട്ടിത്തുന്നി വീണ്ടും ഉപയോഗിക്കുന്ന ബാല്യം, കടൽക്കാറ്റിന്റെ അകമ്പടിയിൽ തീരപ്രദേശങ്ങളിൽ അരങ്ങേറുന്ന സായാഹ്ന മത്സരങ്ങൾ, സെവൻസ് ഫുട്ബോളിന്റെ രാത്രി വെളിച്ചങ്ങൾ, നാട്ടിലെ ടൂർണമെന്റുകളുടെ ആവേശമായ മൈക്ക് അനൗൺസ്മെന്റുകളുടെ തനത് ശൈലി എന്നിവയെല്ലാം കവിതയല്ലെങ്കിൽ മറ്റെന്ത്?
മഴയിൽ വഴുതിവീണ പന്തുകളികൾ, അതിൽ പിറന്ന ആദ്യ ഗോൾ, റേഡിയോയിൽ കേട്ട ലോകകപ്പ് കമന്ററി, അർജന്റീന ജയിച്ച രാത്രിയിൽ നാട്ടിൻപുറത്ത് മുഴങ്ങിയ പടക്കശബ്‌ദം തുടങ്ങിയ അനുഭവരേഖകൾ മലയാള മനസ്സിൽ ഫുട്ബോളിന്റെ സ്വന്തം സാഹിത്യസഞ്ചയം തീർത്തിട്ടുണ്ട്. കേരളത്തിലെ പല എഴുത്തുകാരും നേരിട്ട് ഫുട്ബോൾ കവിതകൾ എഴുതിയിട്ടില്ലെങ്കിലും അവരുടെ ഗ്രാമസ്മൃതികളിൽ പന്തുകളി പതിഞ്ഞുകിടക്കുന്നതു കാണാം.
ഫുട്ബോൾ ഗാനങ്ങളുടെയും കവിതകളുടെയും ഏറ്റവും വലിയ ശക്തി അവ വിജയങ്ങൾപോലെ പ്രതിസന്ധികളും തോൽവികളും അർഥപൂർണമാണെന്ന് ഉദ്‌ഘോഷിക്കുന്നു എന്നതാണ്. ജയം ആഘോഷിക്കാൻ ഏവർക്കും കഴിയും. എന്നാൽ തോൽവിക്കുശേഷം സ്റ്റേഡിയം വിട്ടിറങ്ങുന്ന ആരാധകന്റെ മനസ്സിനെ കൈപിടിച്ച് കൂടെ നടക്കുവാൻ കവിതപോലെ, ഗാനം പോലെ മറ്റൊരു മിത്രമില്ല. ജീവിതത്തിന്റെ നഷ്ടപാഠം കൂടി പഠിപ്പിക്കുന്ന കവിത അതുകൊണ്ടാണ് ഹൃദയത്തിൽ പതിയുന്നത്. ഫുട്ബോളിൽ തോൽവി സ്ഥിരമാവാം, ജയം അപൂർവമാവാം, എന്നാൽ പ്രതീക്ഷ എല്ലായ്‌പ്പോഴും തിരിച്ചുവരുന്നു. ഈ ചക്രവാളസൗന്ദര്യമാണ് ഫുട്ബോൾ ഗാനങ്ങളുടെയും കവിതകളുടെയും അടിസ്ഥാനം.
ഫുട്ബോളിനെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും അതിന്റെ ആത്മാവിനെ സ്‌പർശിക്കുന്ന കലാസൃഷ്ടികളാണ്. അവയിൽ ആവേശമുണ്ട്, ദുഃഖമുണ്ട്, ചരിത്രമുണ്ട്, രാഷ്‌ട്രീയമുണ്ട്, ജനതയുടെ അഭിമാനമുണ്ട്, ബാല്യത്തിന്റെ നൊമ്പരമുണ്ട്, കൂട്ടായ്‌മയുടെ ആശ്വാസമുണ്ട്. ‘Go, go, go! Ale, ale, ale!’ എന്ന ഉന്മേഷത്തിൽ നിന്ന് ‘You’ll never walk alone’ എന്ന ആശ്വാസത്തിലേക്കും, ‘Football’s coming home’ എന്ന പ്രതീക്ഷാഭരിത സ്വയം വിമർശനത്തിൽ നിന്ന് ‘What is the boy now, who has lost his ball’ എന്ന ജീവിതസത്യത്തിലേക്കും നീളുന്ന ഒരു വലിയ മനുഷ്യയാത്രയാണ് ഫുട്ബോൾ എന്ന വികാരം. അതുകൊണ്ടുതന്നെ ഫുട്ബോൾ ഒരു കളി മാത്രമല്ല. അത് കവിതയാവുകയും അത് ഉറക്കെ ആലപിക്കപ്പെടുകയും അതുവഴി ജീവിതം മറ്റൊരർഥത്തിൽ വിഭാവനം ചെയ്യപ്പെടുന്നതിന്റെയും ഒരു ലോകാനുഭവമാണ് .
കുറിപ്പുകൾ
1. ഷാക്കിറ ഇസബെൽ മെബാറക് റിപോൾ: ലോകമെമ്പാടും ഷാക്കിറ എന്ന പേരിൽ അറിയപ്പെടുന്ന കൊളംബിയൻ ഗായികയും ഗാനരചയിതാവും നർത്തകിയും.
2. റിക്കി മാർട്ടിൻ: പോർട്ടോറിക്കൻ ഗായകനും നടനുമാണ്.
3. പിറ്റ്ബുൾ, ജെന്നിഫർ ലോപ്പസ്, ക്ലോഡിയ ലെയ്റ്റെ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു.
4. You’ll Never Walk Alone: 1945-ൽ റിച്ചാർഡ് റോഡ്ജേഴ്സും ഓസ്‌കാർ ഹാമർസ്റ്റീൻ രണ്ടാമനും ചേർന്ന് രചിച്ച ഈ ഗാനം, ലിവർപൂൾ എഫ്സിയുടെ ആവേശകരമായ ഫുട്ബോൾ ഗാനമായി ലോകമെമ്പാടും പ്രശസ്‌തമാണ്.
5. Three Lions: ഈ ഗാനം 1996-ൽ ബ്രിട്ടീഷ് പോപ് സംഗീതജ്ഞരും കൊമേഡിയൻമാരും ചേർന്ന് രചിച്ചതാണ്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1996 യൂറോ ടൂർണമെന്റിനുള്ള തീം സോങ്ങാണിത്. പാട്ടിന്റെ പേര് ഇംഗ്ലണ്ട് ടീമിന്റെ ബാഡ്ജിലെ മൂന്ന് സിംഹങ്ങളെ സൂചിപ്പിക്കുന്നു.
6. Un'estate Italiana: ഒരു ഇറ്റാലിയൻ വേനൽ എന്നർഥം. 1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു. അർജന്റീനയും കാമറൂണും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി മിലാനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഈ ഗാനം തത്സമയം അവതരിപ്പിച്ചു. ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനമാണിത്.
7. ഹിൽസ്‌ബറോ ദുരന്തം: 1989 ഏപ്രിൽ 15-ന് ഇംഗ്ലണ്ടിലെ ഹിൽസ്‌ബറോ സ്റ്റേഡിയത്തിൽ നടന്ന ദുരന്തം. എഫ്എ കപ്പ് സെമി ഫൈനലിൽ ലിവർപൂളും നോട്ടിങ്‌ഹാം ഫോറസ്റ്റും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്. ദുരന്തത്തിൽ 340 പേർ മരിച്ചു.
8. Carousel: 1945-ൽ റിച്ചാർഡ് റോഡ്ജേഴ്സും ഓസ്‌കാർ ഹാമർസ്റ്റീൻ രണ്ടാമനും ചേർന്ന് രചിച്ച ഒരു സംഗീത നാടകം










0 comments