കുവൈത്തിൽ ദേശീയ ദിനാഘോഷത്തിന് ഔപചാരിക തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ ദേശീയ വിമോചന ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം. ഞായറാഴ്ച രാവിലെ 9 മണിക്ക് ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹ് ബയാൻ കൊട്ടാരത്തിൽ പതാക ഉയർത്തി. കൊട്ടാരത്തിലെത്തിയ അമീറിന് പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. തുടർന്ന് 21 ആചാര വെടിയുതിർത്തു. കരസേന, പൊലീസ്, നാഷനൽ ഗാർഡ് എന്നിവരുടെ സല്യൂട്ട് സ്വീകരിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കോർട്ട് ഓഫ് കാസേഷൻ മേധാവിയുമായ അദെൽ ബൗറെസ്‌ലി, മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഗവർണർമാരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.
രാജ്യത്തിന്റെ 64-ാം ദേശീയ ദിനം ഫെബ്രുവരി 25നാണ്. രാജ്യത്തിന്റെ ആറ് ഗവർണറേറ്റുകളിലെ തെരുവുകളും സർക്കാർ കെട്ടിടങ്ങളും തെരുവോരങ്ങളും ദേശീയ പതാകയും അമീർ, കിരീടാവകാശി എന്നിവരുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന ആകർഷണം ജനുവരി 21ന് ആരംഭിച്ച 'യാ ഹലാ' ഷോപ്പിങ് ഫെസ്റ്റിവലാണ്. 70 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടി മാർച്ച് 31ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് പരിപാടികളുടെ നറുക്കെടുപ്പ് ആരംഭിക്കുന്നത്. 120 ആഡംബര കാറുകൾ ഉൾപ്പടെ 8 മില്യൺ ഡോളറിലധികം സമ്മാനങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്സ് ആൻഡ് ഒക്കേഷണൽ സ്റ്റാൻഡിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന യാ ഹലാ ഷോപ്പിങ് ഫെസ്റ്റിവലിൽ ഡ്രോൺ ഷോകൾ, വെടിക്കെട്ട് തുടങ്ങിയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.










0 comments