ad
Deshabhimani

പകൽ 3 മുതൽ രാത്രി 8 വരെ രോഗികളെ സന്ദർശിക്കാം

ആശുപത്രികളിൽ പുതിയ സന്ദർശന സമയവുമായി കുവൈത്ത്‌; രാത്രി ‘നിശബ്‌ദ സമയം’

Hospital Ward

Representative Image | AI

വെബ് ഡെസ്ക്

Published on Jun 22, 2026, 03:16 PM | 1 min read

കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിലും സ-്‌പെഷ്യാലിറ്റി ചികിത്സാകേന്ദ്രങ്ങളിലുമുള്ള രോഗികൾക്ക് ശാന്തവും സൗകര്യപ്രദവുമായ ചികിത്സാ അന്തരീക്ഷം ഉറപ്പാക്കാനായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച്‌ കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇൻപേഷ്യന്റ് വാർഡുകളിൽ രാത്രി 10 മുതൽ രാവിലെ ആറുവരെ ‘നിശ്ശബ്‌ദ സമയം’ നടപ്പാക്കും. ഈ സമയത്ത് രോഗികളുടെ ഉറക്കത്തിനും വിശ്രമത്തിനും തടസ്സമുണ്ടാകാതിരിക്കാൻ അടിയന്തരമല്ലാത്ത നടപടികൾ, പരിശോധനകൾ, ചികിത്സകൾ എന്നിവ പരമാവധി മാറ്റി ക്രമീകരിക്കും.


രോഗികളെ സന്ദർശിക്കാനുള്ള സമയം പകൽ മൂന്നുമുതൽ രാത്രി എട്ടുവരെ അഞ്ച് മണിക്കൂറായി വർധിപ്പിച്ചു. ഔദ്യോഗിക അവധിദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ അധിക സന്ദർശന സമയവും അനുവദിക്കും. റംസാൻ മാസത്തിൽ സന്ദർശന സമയം രാത്രി ഒമ്പതുവരെ ദീർഘിപ്പിക്കും. ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ അൽ ഖലീഫ അൽ സബാഹ് പുറത്തിറക്കിയ ഉത്തരവിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്‌.


ആശുപത്രികളിലെ അണുബാധ നിയന്ത്രണവും ശാന്തമായ ചികിത്സാ അന്തരീക്ഷവും ഉറപ്പാക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. ഒരേസമയം അനുവദിക്കാവുന്ന സന്ദർശകരുടെ എണ്ണം നിലവിലുള്ള ചട്ടങ്ങൾ പ്രകാരം നിയന്ത്രിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ രോഗിക്കൊപ്പം അതേലിംഗത്തിലുള്ള ഒരാൾക്ക് കൂട്ടിരിക്കാൻ അനുമതി നൽകും. മാനുഷികമോ സാമൂഹികമോ ആയ പ്രത്യേക സാഹചര്യങ്ങളിൽ ആശുപത്രി അധികൃതർക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനും അധികാരമുണ്ട്. അന്താരാഷ-്‌ട്ര ആരോഗ്യപരിപാലന മാനദണ്ഡങ്ങൾക്ക് അനുസൃതമായി രോഗികേന്ദ്രീകൃത ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനും ചികിത്സാനിലവാരവും രോഗമുക്തിയുടെ ഫലപ്രാപ്തിയും മെച്ചപ്പെടുത്താനുമുള്ള തീരുമാനത്തിന്റെ ഭാഗമാണ്‌ നടപടിയെന്ന്‌ മന്ത്രാലയം അറിയിച്ചു.







Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home