പ്രവാസി താമസരേഖ നടപടി ലളിതമാക്കൽ; രണ്ട് ഓൺലൈൻ സേവനംകൂടി ആരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസരേഖകളുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലളിതവും സമയബന്ധിതവുമാക്കാനായി പുതിയ രണ്ട് ഓൺലൈൻ സേവനംകൂടി ആരംഭിച്ച് കുവൈത്ത്. സ്വകാര്യ മേഖലയിലേക്ക് ആദ്യമായി ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് താമസാനുമതി അനുവദിക്കൽ, ആർട്ടിക്കിൾ 18 വിസയിലുള്ള തൊഴിലാളികൾക്ക് താൽക്കാലിക താമസാനുമതി നൽകൽ എന്നീ സേവനങ്ങളാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ പുതുതായി നടപ്പാക്കിയിരിക്കുന്നത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ താമസാനുമതിയുമായി ബന്ധപ്പെട്ട നിരവധി നടപടികൾക്ക് നേരിട്ട് സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട സാഹചര്യം കുറയും.
അപേക്ഷാ പ്രക്രിയ കൂടുതൽ ക്രമബദ്ധിതവും ഏകോപിതവുമായ രീതിയിൽ മുന്നോട്ടുപോകും. ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുകയും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുകയും ചെയ്യുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് നീക്കം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കൽ, രേഖകളുടെ ഇലക്‌ട്രോണിക് പരിശോധന, അപേക്ഷാ നടപടികളുടെ പുരോഗതി തത്സമയം അറിയാനുള്ള സൗകര്യം എന്നിവ പുതിയ സേവനങ്ങളുടെ പ്രധാന സവിശേഷതകളാണ്.
ഇതുവഴി സേവന കേന്ദ്രങ്ങളിലെ തിരക്ക് ഗണ്യമായി കുറയും. താമസാനുമതി നടപടികൾക്കെടുക്കുന്ന സമയം കാര്യമായി ചുരുങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസികൾക്കും സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് തീരുമാനം. കുവൈത്തിലെ ഡിജിറ്റൽ ഭരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നടപടിയായും വിലയിരുത്തുന്നു.










0 comments