തൊഴിലാളി സംരക്ഷണത്തിന് കുവൈത്തിന്റെ പുതിയ നീക്കങ്ങൾ

വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട ആദ്യ സംയുക്ത ഏകോപനയോഗം
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശ സംരക്ഷണം, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കൽ, മനുഷ്യക്കടത്തിനെതിരായ പോരാട്ടം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളിൽ ഏകോപിത നടപടികൾ വിപുലീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പി എ എം, പബ്ലിക് പ്രോസിക്യൂഷൻ, ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ എന്നിവയുടെ പങ്കാളിത്തത്തോടെ തൊഴിലാളി സംരക്ഷണം, മാന്യമായ തൊഴിൽ, മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ആദ്യ സംയുക്ത ഏകോപനയോഗം ചേർന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് യോഗം ലക്ഷ്യമിട്ടത്.
അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ ജവാഹർ ഇബ്രാഹിം അൽ ദുവൈജ് അൽ സബാഹ്, തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനും രാജ്യത്തിന്റെ അന്താരാഷ്ട്ര ബാധ്യതകൾ ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭമെന്ന് വ്യക്തമാക്കി.
അതേസമയം, സർക്കാർ കരാറുകളിൽ സ്വദേശികൾക്ക് തൊഴിൽ മുൻഗണന നൽകുന്ന നയങ്ങൾ തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നതിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയതായി പി എ എം അറിയിച്ചു. സർക്കാർ കരാറുകൾ പുതുക്കുകയോ പുതിയ കരാറുകൾ നിലവിൽ വരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സ്വദേശി ജീവനക്കാരെ പുതിയ കരാറുകളിലേക്ക് മാറ്റി നിയമിക്കുകയും നിലവിലുള്ളതിനു തുല്യമോ അതിലധികമോ ശമ്പളം ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനം വിജയകരമായി നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലേക്ക് കൂടുതൽ സ്വദേശികളെ ആകർഷിക്കുന്നതിനായി നടപ്പാക്കിയ ‘അവർ പ്രൈഡ്’ പ്ലാറ്റ്ഫോമും മികച്ച ഫലം നൽകുന്ന പദ്ധതികളിലൊന്നാണെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ മേഖലയിൽ സ്ഥിരതയാർന്ന തൊഴിൽ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഈ സംരംഭം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.










0 comments