കരിഞ്ചന്തക്കാർക്ക് കുരുക്കിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യം മുതലെടുത്ത് ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ചില സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികളും കൈക്കൊണ്ടതായി മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ, -വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സംഘങ്ങൾ വിവിധ ഗവർണറേറ്റുകളിലെ വിപണികളിൽ പരിശോധന നടത്തിയത്. നിശ്ചിത വിലയെക്കാൾ കൂടുതലിന് സാധനങ്ങൾ വിൽക്കൽ, വില വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കൽ, പ്രമോഷണൽ ഓഫറുകളുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ, ഉപഭോക്താക്കൾക്ക് ബിൽ നൽകാതിരിക്കൽ, ഉൽപ്പന്നങ്ങളിൽ നിർമാണ രാജ്യം രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
വിപണികളിലെ വിലനിലവാരം നിയന്ത്രിക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.










0 comments