സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം: ശസ്‌ത്രക്രിയയ്ക്ക് പുതിയ ചട്ടവുമായി കുവൈത്ത്

കുവൈത്ത് സിറ്റി : സർക്കാർ, സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയകൾക്കും മെഡിക്കൽ ഇടപെടലുകൾക്കും പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ചികിത്സാനിലവാരം ഉയർത്താനുമായാണ് നടപടി.
ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയ തീരുമാനപ്രകാരം, ഡോക്ടറുടെ സ്പെഷ്യലൈസേഷൻ, പ്രൊഫഷണൽ ലൈസൻസ്, അംഗീകൃത ക്ലിനിക്കൽ അധികാരപരിധി എന്നിവയ്ക്കനുസൃതമായി മാത്രമേ ശസ-്‌ത്രക്രിയകളും മറ്റ് മെഡിക്കൽ ഇടപെടലുകളും നടത്താനാകൂ.
ആരോഗ്യ സ്ഥാപനങ്ങൾ അവയുടെ വിഭാഗത്തിനനുസരിച്ചുള്ള ലൈസൻസ് നേടിയിരിക്കണം. ചികിത്സാ ഗുണനിലവാരം, അണുബാധ നിയന്ത്രണം, അനസ്തീഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച അംഗീകൃത മാനദണ്ഡങ്ങളും പാലിക്കണമെന്നും നിർദേശത്തിലുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ സ്പെഷ്യലിസ്റ്റ് തസ്തികയിലോ അതിനുമുകളിലോ ഉള്ള ഡോക്ടറുടെ അംഗീകാരത്തോടെയും നേതൃത്വത്തിലുമായിരിക്കണം നടത്തേണ്ടത്. ഓരോ സ്പെഷ്യാലിറ്റിയിലെയും ശസ്‌ത്രക്രിയ തരംതിരിക്കാനും അവ നടത്താൻ ഡോക്ടർമാർക്ക് ആവശ്യമായ പ്രൊഫഷണൽ അധികാരം നിശ്ചയിക്കാനും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റൽ കൗൺസിലുകൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഡോക്ടറുടെ തസ്‌തിക, സ്പെഷ്യലൈസേഷൻ, പരിചയം, ശസ്ത്രക്രിയയുടെ സ്വഭാവം എന്നിവ പരിഗണിച്ചായിരിക്കും അത് നിശ്ചയിക്കുക. ഇതുസംബന്ധിച്ച നിർദേശങ്ങൾ മൂന്നുമാസത്തിനകം മന്ത്രാലയ അണ്ടർ സെക്രട്ടറിക്ക് സമർപ്പിക്കണം.
ശസ്ത്രക്രിയയ്ക്കും സമാന ഗൗരവമുള്ള ചികിത്സയ്ക്കും മുമ്പ് രോഗിയുടെയോ നിയമപരമായ പ്രതിനിധിയുടെയോ സമ്മതം നിർബന്ധമായും വാങ്ങണം. ഇത് മെഡിക്കൽ രേഖയിൽ ഉൾപ്പെടുത്തുകയും ശസ്‌ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘത്തെക്കുറിച്ചുള്ള വിവരം രോഗിയെ അറിയിക്കുകയും വേണം. ആവശ്യമായ പ്രൊഫഷണൽ അധികാരമുള്ള ഡോക്ടർക്കല്ലാതെ മറ്റൊരാൾക്ക് രോഗിയുടെ സമ്മതമില്ലാതെ ശസ-്‌ത്രക്രിയ ഏറ്റെടുക്കാനാകില്ല. മെഡിക്കൽ ആവശ്യകത കണക്കിലെടുത്ത് ചില ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടറുടെ അധികാരം താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രാലയ അണ്ടർ സെക്രട്ടറിക്കോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അധികാരമുണ്ടാകും.
ആവശ്യമായ അനുമതിയും ചികിത്സാസൗകര്യങ്ങളും യോഗ്യരായ മെഡിക്കൽ സംഘവും ലഭ്യമാണെങ്കിൽ സർക്കാർ ഡോക്ടർമാർക്ക് മറ്റ് സർക്കാർ ആശുപത്രികളിലും ശസ്ത്രക്രിയകൾ നടത്താം. രോഗിയുടെ ജീവൻ രക്ഷിക്കാനോ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനോ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ നിശ്ചിത അനുമതികൾക്ക് വിധേയമായി ആരോഗ്യ മന്ത്രാലയത്തിലെ സർജൻമാരെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സേവനത്തിന് നിയോഗിക്കാമെന്നും തീരുമാനത്തിൽ വ്യക്തമാക്കുന്നു.










0 comments