കുവൈത്തിലെ പണമിടപാട്: 3000 ദിനാറിന് മുകളിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ 3000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് പരിശോധന കർശനമാക്കി എക്സ്ചേഞ്ച് കമ്പനികൾ. അയക്കുന്ന തുക ഉപയോക്താവിന്റെ പ്രഖ്യാപിത വരുമാനത്തിനും സാമ്പത്തികശേഷിക്കും അനുസൃതമാണോയെന്നും പണത്തിന്റെ ഉറവിടം നിയമാനുസൃതമാണോയെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഇത്രയും തുകയോ അതിലധികമോ അയക്കുന്ന ഉപയോക്താക്കൾ കുറഞ്ഞത് രണ്ടുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണം.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയാനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള പരിശോധന സംവിധാനം. നേരത്തേ, 10,000 ദിനാറിന് മുകളിലുള്ള വലിയ ഇടപാടുകൾക്കും ഉപയോക്താവിന്റെ കെവൈസി വിവരങ്ങളിൽ രേഖപ്പെടുത്തിയ സാമ്പത്തിക ശേഷിയെക്കാൾ ഉയർന്ന തുക കൈമാറുമ്പോഴും ആയിരുന്നു സാധാരണയായി ഇത്തരം രേഖകൾ ആവശ്യപ്പെട്ടിരുന്നത്. പുതിയ നടപടിയോടെ പരിശോധനയുടെ പരിധി കൂടുതൽ കർശനമാകും. അതേസമയം, പണമായി നേരിട്ട് നടത്തുന്ന ട്രാൻസ്ഫറുകൾക്ക് ഒരാൾക്ക് ദിവസം പരമാവധി 1000 ദിനാർ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുകളിലുള്ള തുക ബാങ്കിങ് മാർഗങ്ങളിലൂടെ ആവശ്യമായ രേഖകൾ സഹിതം കൈമാറണം.
എക്സ്ചേഞ്ച് കമ്പനികളിലെ പരിശോധനയും സെൻട്രൽ ബാങ്ക് ശക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടിങ് രേഖകൾ, ഉപയോക്താക്കളുടെ പണത്തിന്റെ ഉറവിടം, നിയമാനുസൃത നടപടികൾ പാലിക്കുന്നുണ്ടോ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. 2013ലെ 106-ാം നമ്പർ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടികൾ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കാനും നടപടിയിലൂടെ ലക്ഷ്യമിടുന്നു.










0 comments