ad
Deshabhimani

ഇറാനെതിരായ സൈനിക നടപടിയിൽ പങ്കെടുത്തിട്ടില്ല; വിദേശമാധ്യമ വാർത്ത തള്ളി കുവൈത്ത്

iran kuwait
വെബ് ഡെസ്ക്

Published on Jul 27, 2026, 11:55 AM | 1 min read

​കുവൈത്ത് സിറ്റി : ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കുവൈത്ത് വ്യക്തമാക്കി. റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ് അൽ സൈൻ അൽ സബാഹ് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചു.


‘ബഹ്റൈനും കുവൈത്തും ഇറാനെതിരെ യുദ്ധവിമാനങ്ങൾ വിന്യസിച്ചു’ എന്ന തലക്കെട്ടിൽ 24ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്‌ കുവൈത്ത്‌ അധികൃതർ തള്ളിയത്‌. ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടിയിൽ കുവൈത്ത് പങ്കാളിയായിട്ടില്ലെന്നും, അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് സ്വന്തം ഭൂപ്രദേശമോ വ്യോമമേഖലയോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.


നിലവിലെ പ്രാദേശിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കുവൈത്തിന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും അംബാസഡർ പറഞ്ഞു. ദശാബ്ദങ്ങളായി സംഘർഷങ്ങളുടെ മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ നേരിടുന്ന മേഖലയിലാണ് കുവൈത്ത് സ്ഥിതി ചെയ്യുന്നതെന്നും, അതിനാൽ സംഘർഷം രൂക്ഷമാക്കുന്നതിലല്ല, സംയമനവും നയതന്ത്രപരമായ ഇടപെടലുകളും വഴി പ്രശ്നപരിഹാരം കണ്ടെത്തുന്നതിലുമാണ് രാജ്യം വിശ്വസിക്കുന്നത്‌.


കുവൈത്തിന്റെ ഔദ്യോഗിക നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ട് തിരുത്തണമെന്ന് വാൾ സ്ട്രീറ്റ് ജേണലിനോട് അംബാസഡർ ആവശ്യപ്പെട്ടു. വാർത്തയിലെ കൃത്യത മാധ്യമധർമം മാത്രമല്ലെന്നും പ്രാദേശിക സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാൻ അത് അനിവാര്യമാണെന്നും ഷെയ്ഖ് അൽ സൈൻ അൽ സബാഹ് കത്തിൽ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home