കുവൈത്തിൽ ചൂട് കനക്കും, ഈന്തപ്പഴ വിളവെടുപ്പിനും തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽക്കാലത്തിന്റെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നായ അൽ മർസം സീസൺ ബുധനാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. ആഗസ്ത് 10 വരെ നീളുന്ന 13 ദിവസത്തെ കാലയളവിൽ രാജ്യത്ത് അതിശക്തമായ ചൂടും ഭൂമിയുടെ ഉപരിതലത്തിൽ ഉയർന്ന താപനിലയും അനുഭവപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
വേനൽച്ചൂടിന്റെ ഉച്ചസ്ഥാനം എന്നറിയപ്പെടുന്ന ജംറത്ത് അൽ ഖൈദ് കാലഘട്ടത്തിന്റെ ഭാഗമായാണ് അൽ മർസം സീസൺ കണക്കാക്കപ്പെടുന്നത്. തുടർന്ന് ആരംഭിക്കുന്ന അൽ കുലൈബിൻ സീസണിൽ രാജ്യത്ത് അന്തരീക്ഷ ഈർപ്പം ഗണ്യമായി വർധിക്കും. അതിനുശേഷം എത്തുന്ന സുഹൈൽ സീസണോടെ വേനൽച്ചൂടിന്റെ തീവ്രത ക്രമേണ കുറയാൻ തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം വ്യാഴം മുതൽ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പ് സീസണിനും തുടക്കമാകും. ഈ സമയത്ത് കുവൈത്തിലെ വീടുകൾ, കൃഷിയിടങ്ങൾ, റോഡരികുകൾ എന്നിവിടങ്ങളിലെ ഈന്തപ്പനകളിൽ ഈന്തപ്പഴക്കുലകൾ നിറയും.
വിളവെടുപ്പ് ആരംഭിക്കുന്നതോടെ രാജ്യത്തെ ഈന്തപ്പഴ വിപണികളും സജീവമാകും. ഓരോ വർഷവും ഈ സീസണിനായി കാത്തിരിക്കുന്ന സ്വദേശികളും പ്രവാസികളും പുതിയ ഈന്തപ്പഴം വാങ്ങാനെത്തുന്നതോടെ വിപണികളിൽ തിരക്ക് വർധിക്കാറുണ്ട്. രാത്രിയാകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസ് നക്ഷത്രത്തിന്റെ അറബിപ്പേരായ അൽ മർസം എന്നതിൽ നിന്നാണ് ഈ സീസണിന് പേര് ലഭിച്ചതെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം വ്യക്തമാക്കി.










0 comments