മഹബൂലയിൽ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ

കുവൈത്ത് സിറ്റി : അഹ്മദി ഗവർണറേറ്റിലെ മഹബൂലയിൽ എമർജൻസി പൊലീസ് വിഭാഗം നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ വിവിധ കേസുകളിൽ തിരയുന്നവരും നിയമലംഘകരുമായ 221 പേർ പിടിയിലായി. പരിശോധനയ്ക്കിടെ 790 ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി.
അഹ-്‌മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ അഹ്മദ് അൽ സബാഹിന്റെ സാന്നിധ്യത്തിൽ നടന്ന പരിശോധനയ്ക്ക് പബ്ലിക് സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അഹ്മദ് അൽ മനീഫി മേൽനോട്ടം വഹിച്ചു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അഹ്മദ് ഫഹദ് അൽ അസ-്‌മിയും പരിശോധനയിൽ പങ്കെടുത്തു.
ക്രിമിനൽ, സുരക്ഷാ കേസുകളിൽ തെരയുന്ന 109 പേർ, താമസാനുമതി കാലാവധി കഴിഞ്ഞ 62 പേർ, സാധുവായ തിരിച്ചറിയൽ രേഖകളില്ലാത്ത 31 പേർ, അസ്വാഭാവിക നിലയിൽ കണ്ടെത്തിയ 11 പേർ, മയക്കുമരുന്നും മദ്യവും കൈവശം വച്ച എട്ടുപേർ എന്നിവരാണ് പിടിയിലായത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.










0 comments