കെഎസ്‍സി കേരളോത്സവത്തിന് പരിസമാപ്തി

അബുദാബി: കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറിയ കേരളോത്സവത്തിനു വർണ്ണാഭമായ പരിസമാപ്തി. കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം, ശക്തി തിയറ്റേഴ്‌സ്, യുവകലാസാഹിതി, ഫ്രണ്ട്സ് എഡിഎംഎസ് തുടങ്ങിയ സംഘടനകൾ ഒരുക്കിയ ഭക്ഷണ സ്റ്റാളുകൾ മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ വിനോദ വിജ്ഞാന സ്റ്റാളുകൾ, ബുക്ക് സ്റ്റാളുകൾ, പ്രദർശന വില്പന സ്റ്റാളുകൾ എന്നിവ ഉത്സവ പ്രതീതി സൃഷ്ടിച്ചു
മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോത്സവം മുപ്പത്തിനായിരത്തിലേറെ പേർ സന്ദർശിച്ചു. മൂന്ന് ദിവസവും സമാന്തരമായി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് വേണ്ടി റോഡ് നിയമങ്ങളെ അടിസ്ഥാനമാക്കി അബുദാബി ട്രാഫിക് പൊലീസ് നടത്തിയ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി.
കേരളോത്സവത്തിലേക്കുള്ള പ്രവേശന കൂപ്പണുകൾ നറുക്കിട്ടെടുത്ത് നിസ്സാൻ മാഗ്‌നൈറ്റ് കാർ ഒന്നാം സമ്മാനവും, 5 പേർക്ക് 10 ഗ്രാം സ്വർണം രണ്ടാം സമ്മാനവും ഉൾപ്പെടെ 104 വിജയികളെ കണ്ടെത്തി. ഒന്നാം സമ്മാനമായ നിസ്സാൻ മാഗ്‌നൈറ്റ് കാർ കോട്ടയം പൊൻകുന്നം സ്വദേശിയായ അനൂജ ശിവകുമാറിന് ലഭിച്ചു. 18 വർഷമായി അബുദാബി അൽ വത്ബ ഇൻഷുറൻസ് കമ്പനിയിൽ ജോലിചെയ്തുവരുന്ന സി ജി ശിവകുമാറിന്റെ ഭാര്യയാണ് അനൂജ. ബോട്ടിം ഓഫ്‌ലൈൻ ആക്ടിവേഷൻ മാനേജർ രവി തങ്കപ്പനായിരുന്നു ഒന്നാം വിജയിയുടെ നറുക്ക് എടുത്തത്. ഏകദേശം 60,000 ദിർഹം (14,73,000 രൂപ) വിലയുള്ള നിസാൻ മാഗ്‌നൈറ്റ് കാറിന്റെ താക്കോൽ പ്രസ്തുത വേദിയിൽ വെച്ച് പ്രസിഡന്റ് ടി കെ മനോജ് ശിവകുമാറിന് കൈമാറി.
അൽ മസൂദ് ഓട്ടോമൊബൈൽസിന്റെ പ്രതിനിധി ഓല കോസ്ത കേരളോത്സവം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ടി കെ മനോജ് അദ്ധ്യക്ഷനായി. പ്രോഗ്രാം കൺവീനർ എ കെ ബീരാൻകുട്ടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജമിനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഗണേശ് ബാബു, ബോട്ടിം ഓഫ്‌ലൈൻ ആക്ടിവേഷൻ മാനേജർ രവി തങ്കപ്പൻ, പവർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രാജൻ, പ്യുവർ ആയുർ വേദിക് മാനേജിങ് ഡയറക്ടർ രജീഷ്, വിൻസ്‌മേര പ്രധിനിധി അരുൺ, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് കെ വി ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ എന്നിവർ സംബന്ധിച്ചു.










0 comments