ഖാരിഫ് സീസൺ; ദോഫാറിലേക്ക് സന്ദർശകരുടെ ഒഴുക്ക്

മസ്‌കത്ത് : ഖാരിഫ് സീസണിൽ ദോഫാറിലേക്കുള്ള സന്ദർശകരുടെ എണ്ണം ജൂലൈ അവസാനത്തോടെ 4,72,449 ആയി. കഴിഞ്ഞ വർഷം ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഇൗ വർഷം 6.9 ശതമാനം വർധന രേഖപ്പെടുത്തി. ആകെ സന്ദർശകരുടെ 76.3 ശതമാനം (3,60,531 പേർ) ഒമാനിൽനിന്നുള്ളവർ ആണെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
16.6 ശതമാനവുമായി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരാണ് രണ്ടാമത്. 78,356 പേരാണ് ജിസിസി രാജ്യങ്ങളിൽനിന്ന് ദോഫാറിലെത്തിയത്. മറ്റ് രാജ്യത്തുനിന്നുള്ള സന്ദർശകർ 7.1 ശതമാനം (33,562) പേർ. ദോഫാറിൽ വിമാനമാർഗം എത്തിയവരുടെ എണ്ണം 9.6 ശതമാനം വർധിച്ച് 1,17,551 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,07,254 ആയിരുന്നു. കര അതിർത്തി കടന്നുള്ള സന്ദർശകരും വർധിച്ചു. 2025ൽ 3,34,846 ആയിരുന്നത് 3,54,898 ആയി. 5.9 ശതമാനം വർധന. സന്ദർശകരിൽ 95.5 ശതമാനവും എത്തിയത് ജൂലൈയിലാണ്, 4,51,355 പേർ. സീസണിന്റെ ആദ്യ ദിവസങ്ങളിൽ, ജൂൺ 21 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ, ദോഫാറിൽ 21,094 സന്ദർശകർ എത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 20,594 ആയിരുന്നു.










0 comments