അടിതെറ്റി ഭരണസംവിധാനം; മുഖ്യമന്ത്രിയും മന്ത്രിമാരും പലവഴിയ്ക്ക്

തിരുവനന്തപുരം: അധികാരത്തിലെത്തി നാലുമാസം തികയും മുമ്പ് സംസ്ഥാനത്തെ ഭരണസംവിധാനം പാടെ അവതാളത്തിൽ. മന്ത്രിസഭയുടെ കൂട്ടത്തരവാദിത്തമില്ലായ്‌മയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴിവിട്ടപോക്കും സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിവാറിനെ പിൻതാങ്ങി തന്നിഷ്‌ടപ്രകാരം നടക്കുകയാണ്. മന്ത്രിമാരാണെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന മട്ടിൽ സ്വന്തംകാര്യങ്ങൾ നോക്കി നടക്കുന്നു. ഒരു ഐഐഎം പരിശീലനത്തിനും രക്ഷിക്കാൻ കഴിയാത്ത നിലയിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്.
എംഡിഎംഎ കേസിലും പവർകട്ടിലും പരസ്‌പരം പഴിചാരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ വിഢികളാക്കുകയാണ്. സർക്കാരിന്റെ വീഴ്ചകളും കള്ളക്കളികളും ഒളിക്കാനുള്ള തന്ത്രം മാത്രമാണ് പരസ്പരമുള്ള പഴിചാരൽ. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ എംഡിഎംഎ കേസിലെ പ്രതികളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെന്നാണ് സതീശൻ പറഞ്ഞത്. എന്നാൽ ആഭ്യന്തര വകുപ്പ് ഇത് തള്ളി. ഇന്നു നടത്തിയ വാർത്താസള്ളേനത്തിൽ ആഭ്യന്തരം തന്റെ വകുപ്പല്ലെന്നും അതുകൊണ്ട് താൻ അറിഞ്ഞില്ലെന്നുമാണ് സതീശൻ പറഞ്ഞത്. ആഭ്യന്തരമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം കാണിച്ച് എംഡിഎംഎ കേസിൽ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള നീക്കമാണിത്. എംഡിഎംഎ കേസ് അട്ടിമറിക്കുന്നത് സതീശന്റെ നിർദ്ദേശപ്രകാരം തന്നെയാണ്. തന്റെ വകുപ്പിൽ മുഖ്യമന്ത്രി ഇടപെടുന്നത് രമേശ് ചെന്നിത്തലയ്‌ക്ക് പിടിക്കുന്നില്ലെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയെ കുടുക്കാൻ ചെന്നിത്തല ഒരുക്കിയ കെണിയാണ് കാസർഗോഡ് എംഡിഎംഎ കേസെന്നത് പരസ്യമാണ്.
സംസ്ഥാനത്ത് പവർക്കട്ടും വൈദ്യുതി മുടക്കവും രൂക്ഷമായതിനെ കുറിച്ച് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ പോലും സതീശന് സാധിച്ചില്ല. അതീവ ഗൗരവമുള്ള വിഷയത്തിൽ സർക്കാർ ഒരു മുൻകരുതലും ഇടപെടലും നടത്തിയിട്ടില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു എങ്ങും തൊടാതെയുള്ള സതീശന്റെ മറുപടി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുമായി ഒരു കൂടിയാലോചനയ്‌ക്കും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മന്ത്രിസഭാ യോഗവും ഇതേക്കുറിച്ച് നിശബ്‌ദതപാലിച്ചു.
ധനവകുപ്പടക്കമുള്ള പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കയ്യടക്കിയപ്പോൾ തന്നെ മന്ത്രിസഭാംഗങ്ങൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. സഖ്യ കക്ഷികൾക്കടക്കം ആവശ്യപ്പെട്ടത് കിട്ടാതെ കിട്ടിയ വകുപ്പിൽ തൃപ്തിപ്പെടേണ്ടി വന്നു. ഇതിനു പിന്നാലെ വിവിധ വകുപ്പുകളെ സംബന്ധിച്ച തീരുമാനം ആ വകുപ്പിന്റെ മന്ത്രിമാർ അറിയാതെ മുഖ്യമന്ത്രി സ്വയം എടുക്കുന്നതിലും എതിർപ്പുണ്ടായി.
നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ ബന്ധപ്പെട്ട മന്ത്രിമാരെ പോലും മുൻകൂട്ടി അറിയിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കൂടാതെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും ഭിന്നത പ്രകടമാണ്. മുഖ്യമന്ത്രി ഫയലിൽ ഒപ്പിടാത്തതിനാലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ കാലതാമസമുണ്ടായതെന്ന് പരാതി ഉയർന്നിരുന്നു. എം ലിജുവിനും ബിന്ദു കൃഷ്ണയ്ക്കും മാസങ്ങളോളം പ്രൈവറ്റ് സെക്രട്ടറിമാരെ തീരുമാനിക്കാനാകാത്ത സാഹചര്യമുണ്ടായി. നിയമനത്തിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാതെ ഫയൽ നീണ്ടതാണ് കാരണം. മന്ത്രി ഒജെ ജനീഷിന് ഇപ്പോഴും പകുതി സ്‌റ്റാഫ് പോലുമായിട്ടില്ല. പാർടി നേതൃത്വത്തെ പോലും അറിയിക്കാതെയാണ് സർക്കാർ പ്രധാന തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന വിമർശനം എഐസിസി നേതൃത്വം തന്നെ പരസ്യമാക്കിയിരുന്നു.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ ദിവസങ്ങളിൽത്തന്നെ ഭിന്നതയുടെ സൂചനയുണ്ടായിരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുവിഭജനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ആരോഗ്യവും ദേവസ്വവും സംബന്ധിച്ച് എ പി അനിൽകുമാറും കെ മുരളീധരനും കടുംപിടിത്തം തുടർന്നതോടെ എഐസിസിക്ക് ഇടപെടേണ്ടി വന്നു. വകുപ്പുവിഭജനത്തിൽ തർക്കമുണ്ടെന്ന മന്ത്രി കെ മുരളീധരന്റെ പരാമർശം മുഖ്യമന്ത്രി വി ഡി സതീശൻ പിന്നീട് പരസ്യമായി തള്ളി. “ഒരു തർക്കവുമില്ല” എന്നായിരുന്നു വിശദീകരണം. ഉന്നതവിദ്യാഭ്യാസ വകുപ്പിനെച്ചൊല്ലി കോൺഗ്രസും മുസ്ലിംലീഗും തമ്മിലും ചർച്ച നീണ്ടു. യുഡിഎഫ് മന്ത്രിസഭയിലെ ഭിന്നതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആഭ്യന്തരം. പുതുയുഗ യാത്രയ്ക്ക് വന്ന സർക്കാരിന് വഴി തെറ്റിയ അവസ്ഥയാണ് നിലവിലുള്ളത്.
തദ്ദേശം വകുപ്പിലും മറ്റൊന്നായിരുന്നില്ല സ്ഥിതി. മെയ് അവസാന വാരം നടന്ന ഐഎഎസ് അഴിച്ചുപണിയിലും മുന്നണിയിൽ അതൃപ്തി പ്രകടമായിരുന്നു. അഴിച്ചുപണിയിൽ അന്നത്തെ കില ഡയറക്ടർ എ നിസാമുദ്ദീനെ പത്തനംതിട്ട കലക്ടറാക്കി മാറ്റുകയും കൊല്ലം കലക്ടറായിരുന്ന എൻ ദേവിദാസിനെ പുതിയ കില ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത് ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി വി ഡി സതീശനെ ഫോണിൽ അറിയിച്ച ശേഷമായിരുന്നു. ബന്ധപ്പെട്ട പല വകുപ്പ് മന്ത്രിമാരെയും വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നതും വിവാദമായിരുന്നു. കലക്ടർമാരുടെ സ്ഥലംമാറ്റത്തിൽ റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും ഉൾപ്പെടുത്തിയിരുന്നില്ല.
റോജി എം ജോണിനെ പോലുള്ളവർ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിർണായക വിഷയങ്ങളിൽ പോലും വ്യക്തമായ അഭിപ്രായം പറയാതെ സ്വന്തം കാര്യങ്ങൾ നോക്കി നടക്കുകയാണ്. മന്ത്രി മുരളീധരനും ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ വായിൽതോന്നുന്നത് പറഞ്ഞ് നടക്കുകയാണ്. അതുകൊണ്ട് തന്നെ അനാസ്ഥയുടെകേന്ദ്രമായി ആരോഗ്യമേഖല മാറി. സിപി ജോണിനെ ഏൽപ്പിച്ച കെഎസ്‌ആർടിസി വൈകാതെ കട്ടപ്പുറത്താവുന്ന സ്ഥിതിയാണ്.
കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അപേക്ഷ തള്ളണമെന്ന് ജൂലൈ 8ന് തദ്ദേശ മന്ത്രി കെ എം ഷാജിയും സ്പെഷ്യൽ സെക്രട്ടറിയും ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ജൂലൈ 18ന് തദ്ദേശവകുപ്പിലെ സെക്ഷൻ അസിസ്റ്റന്റ് തയ്യാറാക്കിയ അനൗദ്യോഗിക കുറിപ്പ് അണ്ടർ സെക്രട്ടറി ഒപ്പിട്ട് ആഭ്യന്തരവകുപ്പിലേക്ക് അയച്ചു. കൗൺസിലർക്ക് ജയിലിൽനിന്ന് അവധി അപേക്ഷ നൽകാമെന്ന് വഴി നിർദേശിച്ച ഈ കുറിപ്പ് മന്ത്രിയുടെയോ യോഗ്യമായ അധികാരികളുടെയോ അനുമതിയില്ലാതെ തയ്യാറാക്കിയതാണെന്ന് പിന്നീട് കണ്ടെത്തി. സംഭവം പുറത്തുവന്നതോടെ സ്വന്തം വകുപ്പുകളിൽ എന്തൊക്കെ നടക്കുന്നുവെന്ന് മന്ത്രിമാർ അറിയുന്നില്ലെന്ന ആക്ഷേപവുമുയർന്നിരുന്നു.
സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു കടുത്ത എതിർപ്പ് ഉയർത്തിയപ്പോൾ മുഖ്യമന്ത്രി അതിനെ പരസ്യമായി തള്ളി. പിന്നാലെ രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രി കെഎസ്‌യു നേതൃത്വവുമായി നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. എക്സൈസ് വകുപ്പിലെ നിർണായക തീരുമാനങ്ങളെടുക്കുന്നത് സംബന്ധിച്ചും വലിയ തർക്കങ്ങളുണ്ടായിരുന്നു. വകുപ്പ് മന്ത്രിയായ എം ലിജുവിനോട് ആലോചിക്കാതെയാണ് ബജറ്റിൽ മദ്യ നികുതി ഇളവ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് മന്ത്രിയോട് ചോദിച്ചപ്പോൾ താനൊന്നും അറിഞ്ഞിട്ടില്ല, ആരും പറഞ്ഞില്ല എന്നായിരുന്നു മറുപടി.
ഒരുമിച്ച് ചേർന്ന് തീരുമാനമെടുക്കേണ്ട സർക്കാർ സംവിധാനത്തിൽ ഏകാധിപത്യ സമീപനമാണ് നിലവിലുള്ളതെന്ന് ആക്ഷേപമുണ്ട്. കൃത്യമായ ആസൂത്രണമോ ചർച്ചകളോ നടക്കുന്നില്ല. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതായതോടെ സംസ്ഥാനത്തെ ഭരണസംവിധാനവും അതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും താളം തെറ്റിയ നിലയിലാണ്.









0 comments