ad
Deshabhimani

കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക്‌ തുടർ ഭരണം വേണം: എം മുകുന്ദൻ

m mukundan kerala social centre
വെബ് ഡെസ്ക്

Published on Feb 21, 2026, 05:26 PM | 1 min read

അബുദാബി: കേരളത്തിന്റെ പൂർവ ചരിത്രം വിസ്‌മരിച്ചുകൊണ്ടാണ് ചിലർ തുടർ ഭരണം വേണ്ടെന്ന് അഭിപ്രായപ്പെടുന്നതെന്ന്‌ സാഹിത്യകാരൻ എം മുകുന്ദൻ. കേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്ക്‌ തുടർച്ച ആവശ്യമാണ്‌. തുടർഭരണം വേണമെന്ന് താൻ മാത്രമല്ല പറയുന്നത്. ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യസെന്നും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഇടതുപക്ഷത്തിന്‌ തുടർ ഭരണം ലഭിക്കുമെന്ന് പറഞ്ഞതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരെ മുഴക്കുന്ന ഭീഷണിയും അസഭ്യവർഷവും അവജ്ഞയോടെ തള്ളിക്കളയുന്നു. കേരളം നശിക്കാതിരിക്കാൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും എം മുകുന്ദൻ അബുദാബിയിൽ വ്യക്തമാക്കി. കേരള സോഷ്യൽ സെന്റർ സാഹിത്യവിഭാഗം സംഘടിപ്പിച്ച ചുറ്റുവട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


താൻ വിശ്വാസത്തിനെതിരല്ല, അതേസമയം, അന്ധവിശ്വാസം അപകടകരമാണ്. അന്ധവിശ്വാസത്തെ വിശ്വാസമാക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി മതരാഷ്ട്രവാദമാണ്. അത് സംഭവിക്കാതിരിക്കാൻ എന്ത് ത്യാഗവും സഹിക്കാൻ നമ്മൾ സന്നദ്ധരാകണം. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ച ജാതിവ്യവസ്ഥയെ പുതിയ രൂപത്തിൽ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നു. അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. നവോത്ഥാന മൂല്യങ്ങൾ, കഴിഞ്ഞുപോയ സമരങ്ങൾ, രക്തസാക്ഷിത്വങ്ങൾ തുടങ്ങിയവ പുതിയ ഭാഷയിലേക്ക് സംക്രമിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് പുതിയ എഴുതുകാർക്കുള്ളത്. പുതുതലമുറയെ ആകർഷിക്കും വിധത്തിലുള്ള ദൃശ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സാഹിത്യ രചനകൾ ഉണ്ടാകേണ്ടിരിക്കുന്നുവെന്നും എം മുകുന്ദൻ പറഞ്ഞു.


കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്‌ അധ്യക്ഷനായി. കലാവിഭാഗം അസി. സെക്രട്ടറി സ്‌മിത ധനേഷ്, സെന്റർ മുൻ പ്രസിഡന്റ് എ കെ ബീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചർച്ചയിൽ സദസ്സിൽനിന്ന് നിരവധിപേർ പങ്കെടുത്തു. സംശയങ്ങൾക്ക് മുകുന്ദൻ മറുപടി നൽകി. അനീഷ് ശ്രീദേവി മോഡറേറ്ററായി. സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ഷബീർ നാസർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home