Deshabhimani

നോർക്ക കെയർ പ്രീമിയം വർധന; ഭീമഹർജിയുമായി കേളി

keli
വെബ് ഡെസ്ക്

Published on Nov 07, 2026, 10:18 AM | 1 min read

റിയാദ് : നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച യുഡിഎഫ്‌ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേളി കലാസാംസ്‌കാരിക വേദി. വർധിപ്പിച്ച പ്രീമിയം പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേളിയുടെ നേതൃത്വത്തിൽ ഭീമഹർജി ഒപ്പുശേഖരണത്തിന് തുടക്കമായി.

​

പ്രവാസികളുടെ ആരോഗ്യസുരക്ഷയും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ട് എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ പ്രീമിയം തുക കുത്തനെ ഉയർത്തിയത് വലിയൊരു വിഭാഗത്തിന്‌ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് പുറത്തുപോകേണ്ട സാഹചര്യം സൃഷ്ടിക്കും. ​നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകുന്ന പ്രവാസികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.


ചികിത്സാച്ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമാകേണ്ട ഇൻഷുറൻസ് പദ്ധതി സാമ്പത്തിക ബാധ്യതയായി മാറരുത്. ഉയർന്ന പ്രീമിയം താങ്ങാനാകാത്തതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കേളി ആവശ്യപ്പെട്ടു.

​

പ്രവാസികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും മുൻഗണന നൽകേണ്ട സർക്കാർ, ഇൻഷുറൻസ് പരിരക്ഷ കൂടുതൽ ജനകീയമാക്കുന്നതിനുപകരം പ്രീമിയം വർധിപ്പിച്ചു. നിരക്കുകൾ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കുകയോ പ്രവാസികളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് താങ്ങാനാകുന്ന നിരക്ക് ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ഹർജിയിലൂടെ ആവശ്യപ്പെടുന്നത്. ​കക്ഷി രാഷ്ട്രീയാതീതമായി മുഴുവൻ പ്രവാസികളെയും ഒരുമിപ്പിച്ചുകൊണ്ടാണ് കേളി ജനകീയ ഇടപെടലിന് തുടക്കം കുറിച്ചത്.


വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്കും സംഘടന പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പ്രചാരണത്തിന്റെ ഭാഗമാകാം. പ്രവാസികളുടെ നീതിപൂർവമായ ആവശ്യം കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനം പുനപരിശോധിക്കാൻ സമ്മർദം ചെലുത്താനും വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home