Deshabhimani

പുതിയ പദ്ധതിക്ക് ദുബായിൽ തുടക്കം; സന്ദർശകർക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ

Dubai

ദുബായ്| Photo: AFP

വെബ് ഡെസ്ക്

Published on Nov 07, 2026, 10:23 AM | 1 min read

ദുബായ് : തുടർച്ചയായി ദുബായ് സന്ദർശിക്കുന്നവർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. ‘ദുബായ് ആക്സസ് ക്ലബ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ഹോട്ടൽ മുറികളിൽ ഇളവുകൾ, സമ്മാന കാർഡുകൾ, വിമാനത്താവളത്തിലെ വിശ്രമകേന്ദ്രങ്ങളിൽ പ്രവേശനം, വിവിധ പരിപാടികൾക്ക് മുൻകൂട്ടി ബുക്കിങ് സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

​

എമിറേറ്റ്സ്, അക്കോർ, വിസ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ ആനുകൂല്യ പദ്ധതികളിലൂടെയും ബഹുരാഷ്ട്ര കമ്പനികളിലൂടെയും അർഹരായ യാത്രക്കാർക്ക് ക്ലബ്ബിൽ അംഗത്വത്തിനുള്ള ക്ഷണം ലഭിക്കും. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കും.

​

വിസ അപേക്ഷകൾ അംഗീകരിക്കുകയും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്കാണ് അംഗത്വം ലഭിക്കുക. ദുബായ് ജനറൽ ഡിറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സും ദുബായ് സാമ്പത്തിക വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

​

അംഗങ്ങൾക്ക് ജിഡിആർഎഫ്എയുടെ അൽസആദ ടൂറിസ്റ്റ് കാർഡ് വഴി വിവിധ സ്ഥാപനങ്ങളിൽ പ്രത്യേക ഇളവുകളും പ്രമോഷനുകളും ലഭിക്കും. മജീദ് അൽ ഫുത്തൈമിന്റെ സമ്മാന കാർഡും പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പണം ചെലവഴിക്കാം.

​

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിക്കും വിനോദസഞ്ചാര വകുപ്പ് തുടക്കമിട്ടിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home