Deshabhimani

മന്ത്രിക്കും ഉദ്യോ​ഗസ്ഥർക്കും ബാറുടമകളുമായി അടുത്തബന്ധം; കൈക്കൂലിക്കാരെ സംരക്ഷിക്കുന്നു; പടിയിറങ്ങുംമുൻപ് സാംബശിവ റാവുവിന്റെ റിപ്പോർട്ട്

M Liju  Seeram Sambasiva Rao

എം ലിജു, സീറാം സാംബശിവ റാവു

വെബ് ഡെസ്ക്

Published on Nov 07, 2026, 10:24 AM | 1 min read

തിരുവനന്തപുരം: എക്സൈസ് മന്ത്രി എം ലിജുവിനും ഉന്നത ഉദ്യോ​ഗസ്ഥർക്കുമെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി എക്സൈസ് കമീഷണറായിരുന്ന സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ബാറുടമകളുമായി മന്ത്രിക്കും ഉദ്യോ​ഗസ്ഥർക്കുമുള്ള അടുത്തബന്ധവും കൈക്കൂലി ആരോപണവും ബിനാമി ഇടപാടും വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് പടിയിറങ്ങുന്നതിന് തൊട്ടുമുൻപായി സാംബശിവ റാവു സർക്കാരിന് സമർപ്പിച്ചത്.


കായംകുളം കുറ്റിച്ചിറയിലെ റോമ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. വിജിലൻസ് അന്വേഷണം, അച്ചടക്ക നടപടി എന്നിവ നേരിടുന്നവരെയും സംശയകരമായ പശ്ചാത്തലം ഉള്ളവരെയും പരമാവധി ഒഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും ഉന്നതതല ഇടപെടലുകളെ തുടർന്ന് സാധിച്ചില്ല. എക്സൈസ് കമീഷണറുടെ അനുമതി വാങ്ങിയശേഷം സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട ഫയലിൽ, തന്നെ അറിയിക്കുകപോലും ചെയ്യാതെ 32 തസ്തികകളിൽ നിയമനം നടത്തി. ബന്ധപ്പെട്ട സെക്ഷനിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, സംഘടനാപരമായും മന്ത്രി ഓഫീസ് തലത്തിലും ചർച്ച ചെയ്താണ് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നായിരുന്നു സെക്ഷൻ സൂപ്രണ്ട് രേഖാമൂലം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.


ജോയിന്റ് എക്സൈസ് കമീഷണർ എസ് വിനോദ്, ഡെപ്യൂട്ടി കമീഷണർ അജയ് എന്നീ ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര കണ്ടെത്തലുകളാണുള്ളത്. വിനോദ് മൂവാറ്റുപുഴ ​ഗം​ഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുന്നു. ​ഗം​ഗാ ബാറിൽനിന്നും അൻപതിനായിരം രൂപ കൈപ്പറ്റി. റോമ സെന്റർ ബാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ അജയ് കൈക്കൂലി വാങ്ങാറുണ്ട്. ഇരുവരെയും അടിയന്തരമായി ചുമതലകളിൽനിന്ന് നീക്കണം. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും സാംബശിവ റാവു ആവശ്യപ്പെടുന്നു.


ബാർ ലൈസൻസ്‌ അനുവദിച്ചതിലെ വിവാദത്തിൽ തടിയൂരാനായി വെള്ളിയാഴ്ചയാണ് സർക്കാർ സാംബശിവ റാവുവിനെ എക്‌സൈസ് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. അതേദിവസം തന്നെയാണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചതും. സാംബശിവ റാവുവിനെ പ്രത്യേക ഉത്തരവ്‌ പ്രകാരം പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ ചുമതലയിലേക്കാണ്‌ മാറ്റിയത്‌. കമീഷണറുടെ താൽക്കാലിക ചുമതല അഡീഷണൽ എക്‌സൈസ് കമീഷണർ (എൻഫോഴ്‌സ്‌മെന്റ്)ക്കാണ്‌ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home