Deshabhimani

പൊതുബോധ നിർമിതിയുടെ പുകമറ: കേളി സംവാദം

KELI SAMVADAM
വെബ് ഡെസ്ക്

Published on Sep 27, 2026, 08:00 PM | 1 min read

റിയാദ് : ‘പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ച്‌ കേളി സാംസ-്‌കാരിക വിഭാഗം. പൊതുബോധം എങ്ങനെ രൂപപ്പെടുന്നു, ആരുടെ താൽപര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്, മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു.


സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, സമൂഹത്തിൽ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവൽക്കരിക്കുന്ന രീതി പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് ചർച്ചയായി. നിറത്തിന്റെ പേരിൽ വംശീയമായി പാർശ്വവൽക്കരിക്കപ്പെടുന്നവർ, ദളിതർ, ന്യൂനപക്ഷങ്ങൾ, സ്‌ത്രീകൾ തുടങ്ങിയവർ പൊതുധാരണകളുടെ നിർമിതിയിൽ പലപ്പോഴും വേട്ടയാടപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.


‘ഞങ്ങൾ’ എന്നും ‘നിങ്ങൾ’ എന്നും സമൂഹത്തെ വിഭജിക്കുന്ന ധാരണകൾ എങ്ങനെ രൂപപ്പെടുന്നുവെന്നും ചർച്ചയിൽ വിശദീകരിച്ചു. ചില ആശയങ്ങളും ധാരണകളും മാധ്യമങ്ങളിലൂടെയും സാമൂഹിക സംവിധാനങ്ങളിലൂടെയും നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ അവ സ്വാഭാവികമായ പൊതുബോധമായി മാറുന്ന പ്രക്രിയയും പരിശോധിച്ചു. വാർത്തകളുടെ തെരഞ്ഞെടുപ്പ്, വാർത്തയ്ക്ക്‌ നൽകുന്ന പ്രാധാന്യം, തലക്കെട്ട്, അവതരണ രീതി എന്നിവ ജനങ്ങളുടെ ധാരണകളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ വിശദീകരിച്ചു.


​ഇത്തരം പൊതുബോധ നിർമിതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാധ്യമ സാക്ഷരത വളർത്തിയെടുക്കുകയാണ് ബദൽ വഴിയെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. വിവരങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അവയുടെ ഉറവിടവും ലക്ഷ്യവും അവതരണ രീതിയും പരിശോധിക്കുന്ന സമീപനം സമൂഹത്തിൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഇടതുപക്ഷ രാഷ-്‌ട്രീയം ഇത്തരം പൊതുബോധ നിർമിതാക്കളുടെ ലക്ഷ്യമായി മാറുന്നുവെന്ന അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു.


കേളി സാംസ-്‌കാരിക കമ്മിറ്റി അംഗം നാസർ കാരക്കുന്ന് മോഡറേറ്ററായി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു. സതീഷ് വളവിൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home