ad
Deshabhimani

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു; പത്തുദിവസത്തിനിടെ എത്തിയത് 6.5 ലക്ഷം പേർ

jeddah book fare
വെബ് ഡെസ്ക്

Published on Dec 21, 2025, 08:52 PM | 1 min read

​ജിദ്ദ: അറിവിന്റെയും അക്ഷരങ്ങളുടെയും വസന്തമൊരുക്കി പത്തുദിവസമായി ജിദ്ദ സൂപ്പർഡോമിൽ നടന്നുവന്ന രാജ്യാന്തര പുസ്തകമേളയ്ക്ക് ഉജ്ജ്വല സമാപനം. ലോകമെമ്പാടുമുള്ള വായനക്കാരെയും എഴുത്തുകാരെയും ഒരുമിപ്പിച്ച മേളയിൽ ആറര ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. സൗദി സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന കമീഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 11-ന് ആരംഭിച്ച മേള ശനിയാഴ്ചയാണ് സമാപിച്ചത്.


24 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകരാണ് ഇത്തവണ അക്ഷരോത്സവത്തിൽ പങ്കെടുത്തത്. 400-ലധികം സ്റ്റാളുകളിലായി വിവിധ ഭാഷകളിലുള്ള ഏകദേശം 1.95 ലക്ഷം പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കിയിരുന്നു. ലോകോത്തര പ്രസാധകരും പ്രാദേശിക പ്രസാധകരും മേളയിൽ ഒത്തുചേർന്നു.


പുസ്തക പ്രദർശനത്തിനപ്പുറം കലയുടെയും സംവാദങ്ങളുടെയും കേന്ദ്രമായിരുന്നു ഇത്തവണ മേള. പ്രാദേശിക കഥാപരിസരങ്ങളെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇതാദ്യമായി സൗദി സിനിമകളുടെ പ്രദർശനവും മേളയിൽ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ തുടങ്ങി 176-ലധികം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ പത്തുദിവസങ്ങളിലായി അരങ്ങേറി.


കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ സോണുകളിൽ വിജ്ഞാനപ്രദമായ ഇൻ്ററാക്ടീവ് പ്രോഗ്രാമുകളും പഠനപ്രവർത്തനങ്ങളും നടന്നു. പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതിനും എഴുത്തുകാർക്ക് വായനക്കാരുമായി സംവദിക്കുന്നതിനുമായി 'ബുക്ക് സൈനിംഗ്' പ്ലാറ്റ്‌ഫോമും സജീവമായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home